ഭൂരിപക്ഷ സര്‍ക്കാരിനെ മാത്രമേ ലോകം അംഗീകരിക്കൂ: മോദി

Wednesday 13 February 2019 6:03 pm IST
ലോകത്തിലെ പ്രധാനപ്പെട്ട സംഘടനകള്‍ ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നു. മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ അംഗീകരിക്കാന്‍ തയ്യാറാകുന്നതിന് കാരണം പ്രധാനമന്ത്രിയോ വിദേശകാര്യ മന്ത്രിയോ അല്ല. ഭൂരിപക്ഷം നല്‍കിയ ഈ രാജ്യത്തെ ജനങ്ങളാണ്. പതിനാറാം ലോക്‌സഭയുടെ അവസാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂദല്‍ഹി: ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ മാത്രമേ ലോകം അംഗീകരിക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥിരതയില്ലാത്ത സര്‍ക്കാരുകള്‍ കാരണം രാജ്യം ഏറെ ദുരിതം അനുഭവിച്ചു. മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ച സര്‍ക്കാര്‍ ഉണ്ടായത്. അതിനാലാണ് ലോകത്തിന് മുന്‍പില്‍ രാജ്യത്തിന്റെ പ്രതിഛായ ഉയര്‍ത്താന്‍ ഈ സര്‍ക്കാരിന് സാധിച്ചത്.

ലോകത്തിലെ പ്രധാനപ്പെട്ട സംഘടനകള്‍ ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നു. മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ അംഗീകരിക്കാന്‍ തയ്യാറാകുന്നതിന് കാരണം പ്രധാനമന്ത്രിയോ വിദേശകാര്യ മന്ത്രിയോ അല്ല. ഭൂരിപക്ഷം നല്‍കിയ ഈ രാജ്യത്തെ ജനങ്ങളാണ്. പതിനാറാം ലോക്‌സഭയുടെ അവസാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. ''ഭൂകമ്പമുണ്ടാകുമെന്ന് പറയുന്നത് നമ്മള്‍ കേട്ടിരുന്നു. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. അതിന് പകരം പേപ്പര്‍ വിമാനങ്ങള്‍ പറക്കുന്നതാണ് സഭ കണ്ടത്. ജനാധിപത്യത്തിന്റെയും ലോക്‌സഭയുടെയും മഹിമ ഉയരത്തിലാണ്. അത് ഭൂകമ്പത്തെ ഇല്ലാതാക്കി.

വിമാനങ്ങള്‍ ലക്ഷ്യത്തിലെത്തിയുമില്ല''. തന്നെ സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്ന് രാഹുല്‍ കഴിഞ്ഞ വര്‍ഷം പരാമര്‍ശിച്ചത് സൂചിപ്പിച്ചായിരുന്നു മോദിയുടെ ആക്രമണം. ഈ സമയം രാഹുല്‍ സഭയില്‍ ഉണ്ടായിരുന്നില്ല. റഫാല്‍ കരാറിനെതിരെ സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പേപ്പര്‍ വിമാനങ്ങള്‍ പറത്തിയിരുന്നു. 

സമ്മേളനങ്ങളിലെ നിരവധി സെഷനുകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിച്ചുവെന്ന് മോദി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം 85 ശതമാനം വിനിയോഗിക്കാന്‍ സാധിച്ചു. രാഷ്ട്രത്തോട് നൂറ് ശതമാനം നീതിപുലര്‍ത്തി. 

ഈ ലോക്‌സഭയിലാണ് ഏറ്റവുമധികം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടതും കേന്ദ്രമന്ത്രിമാരായതും. ഡിജിറ്റല്‍ ലോകത്ത് സ്വന്തം ഇടം കണ്ടെത്തി. ലോകത്ത് സമ്പദ് വ്യവസ്ഥയില്‍ ആറാമതെത്തി. രാജ്യത്ത് ജനങ്ങളില്‍ ഇപ്പോള്‍ ആത്മവിശ്വാസമുണ്ട്. അദ്ദേഹം വിശദീകരിച്ചു. അവസാന പാര്‍ലമെന്റ് സമ്മേളനം ഇന്നലെ പിരിഞ്ഞതോടെ ഇനി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലാകും പാര്‍ട്ടികള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.