സെന്‍കുമാറിനെ കുടുക്കാനുള്ള നീക്കം തിരിച്ചടിച്ചു, പാര്‍ട്ടിയിലും പോലീസിലും പ്രതിഷേധം

Thursday 14 February 2019 7:15 am IST

തൃശൂര്‍: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ കുടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം തിരിച്ചടിക്കുന്നു. പഴയ കേസുകളില്‍ ചിലത് പൊടിതട്ടിയെടുക്കാനുള്ള ശ്രമം പോലീസില്‍ കലാപക്കൊടി ഉയര്‍ത്തുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശപ്രകാരമാണ് സെന്‍കുമാറിനെതിരായ നീക്കം തുടങ്ങിയത്. എന്നാലിപ്പോള്‍ ഈ നീക്കം തിരിച്ചടിയായി. 

സെന്‍കുമാര്‍ ഇന്റലിജന്‍സ് ഡിജിപി ആയിരിക്കെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന ആരോപണമാണ് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത്.  പോലീസ് അസോസിയേഷനിലെ സിപിഎം ഫ്രാക്ഷനിലെ ചിലരായിരുന്നു പരാതിക്കാര്‍. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ പോലീസുകാര്‍ വരെ പ്രതികളായ വിവിധ കേസുകളില്‍ സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവി ഫയലാക്കാതെ മുക്കിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. 2013ലാണ് സംഭവം. തൃശൂര്‍ റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ റൂറല്‍ ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. 

 എന്നാല്‍ അന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ ഫയലുകള്‍ കൂടുതല്‍ അന്വേഷണത്തിനായി സെന്‍കുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി വ്യക്തമായിട്ടുണ്ട്. ഇതോടെ സെന്‍കുമാറിനെ പൂട്ടാനുള്ള നീക്കം പാളി. മാത്രമല്ല സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളില്‍ തുടരന്വേഷണം ഊര്‍ജിതമായതോടെ സിപിഎമ്മിന് വേണ്ടപ്പെട്ട പല പോലീസുദ്യോഗസ്ഥരും പ്രതികളാകുമെന്ന നിലയിലായി. ഇതോടെ പാര്‍ട്ടിയിലും പോലീസിലും കേസന്വേഷണം മതിയാക്കണമെന്ന സമ്മര്‍ദമുയരുകയാണ്. ഡിവൈഎസ്പിമാര്‍ മുതല്‍ സാദാ പോലീസുകാര്‍ വരെ പ്രതിസ്ഥാനത്ത് വരുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് സ്‌പെഷല്‍ ബ്രാഞ്ച് സമര്‍പ്പിച്ചിട്ടുള്ളത്.  ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ മന്ത്രി എ.സി. മൊയ്തീനെ നേരില്‍ക്കണ്ട്  അന്വേഷണം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  സെന്‍കുമാറിന് നല്‍കിയ ഫയലിലെ ആരോപണവിധേയരാണ് തിങ്കളാഴ്ച തൃശൂരിലെ പൊലീസ് ആസ്ഥാനത്ത് ഇദ്ദേഹവുമായി സംസാരിച്ചത്. 

 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് വിവരം. സിപിഐയുടെ ഒരു പ്രാദേശിക നേതാവും അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്നു. ഇതിനായി ചിലര്‍ക്ക് പണം നല്‍കിയെന്നും ആരോപണ വിധേയരായ പോലീസുകാരോടടുത്ത വൃത്തങ്ങള്‍ പറയുന്നു. 

അതിഗുരുതരമായ ആരോപണങ്ങളാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുള്ളത്. പോലീസുകാരും മണല്‍ മാഫിയയുമായുള്ള ബന്ധം, ബലാല്‍സംഗക്കേസ് ഒതുക്കാന്‍ സഹായിച്ചത്, സമന്‍സ് നല്‍കാന്‍ പോയ വീട്ടില്‍ വീട്ടമ്മയെ കയറിപ്പിടിച്ചത് തുടങ്ങി ഗുരുതരമായ നിരവധി കേസുകളാണ് റിപ്പോര്‍ട്ടിലുള്ളത്. പൂഴ്ത്തിയ ഫയല്‍ വീണ്ടും അന്വേഷിച്ചാല്‍ പ്രതിക്കൂട്ടിലാവുക സര്‍വീസിലുള്ള പല പ്രമുഖരുമാണ്. ഇതാണ് അന്വേഷണം തടയാനുള്ള നീക്കത്തിന് പിന്നിലെന്ന് പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നല്‍കിയ നിര്‍ദേശമായതിനാല്‍ അന്വേഷണം നിര്‍ത്തണമെങ്കില്‍ മുഖ്യമന്ത്രി തന്നെ പറയണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.