ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ഇരുട്ടുക്കാനത്ത് ഏലത്തോട്ട പട്ടയ ഭൂമിയിലെ കെട്ടിട നിര്‍മാണം റവന്യൂ ദൗത്യ സംഘം പൊളിച്ച് നീക്കി. ആനവിരട്ടി വില്ലേജിലെ ബ്ലോക്ക് നമ്പര്‍ രണ്ടില്‍ ഉള്‍പ്പെട്ട 346/5 സര്‍വേ നമ്പറില്‍പ്പെട്ട ഭൂമിയിലെ വന്‍കിട കെട്ടിടനിര്‍മാണമാണ് പൊളിച്ച് നീക്കിയത്.
ഏലത്തോട്ടം പട്ടയത്തില്‍പ്പെട്ട അരയേക്കറോളം വരുന്ന സ്ഥലത്ത് നേരത്തെ രണ്ട് കെട്ടിടങ്ങള്‍ നിര്‍മിച്ചിരുന്നു. പഞ്ചായത്തിന്റെ ബില്‍ഡിങ് പെര്‍മിറ്റ് അവസാനിച്ച സാഹചര്യത്തില്‍ വീണ്ടും പുതിയ കെട്ടിടം നിര്‍മിക്കാന്‍ ശ്രമം നടത്തി. ഇതിന് വില്ലേജ് ഓഫീസര്‍ സുനില്‍ കെ. പോള്‍ അടുത്തിടെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇത് അവഗണിച്ചും നിര്‍മാണം തുടര്‍ന്നതോടെ പഞ്ചായത്ത്-റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി പുതുതായി നിര്‍മിച്ച പില്ലറുകള്‍ പൊളിച്ച് നീക്കുകയായിരുന്നു.
അടിമാലി സ്വദേശി ഇസ്മയില്‍ പരീത്, ഭാര്യ ഖദീജ എന്നിവരുടെ പേരിലുള്ളതാണ് സ്ഥലം. ദേവികുളം സബ് കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. മേഖലയില്‍ വ്യാപകമായി നിര്‍മാണങ്ങള്‍ നടക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ നാല് അനധികൃത പ്രവര്‍ത്തികള്‍ക്ക് തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിക്കഴിഞ്ഞു. സ്ഥലത്ത് നിര്‍മാണം തുടര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് വില്ലേജ് ഓഫീസര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: