പുല്‍വാമ ഭീകരാക്രമണം : പാക്കിസ്ഥാന് യുഎസിന്റെ താക്കീത്

Friday 15 February 2019 11:21 am IST

വാഷിങ്ടണ്‍ : പുല്‍വാമയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരര്‍ക്കുള്ള എല്ലാ പിന്തുണയും ഉടന്‍ പാക്കിസ്ഥാന്‍ നിര്‍ത്തണമെന്ന് വൈറ്റ് ഹൗസ്. ഭീകര സംഘടനകള്‍ക്കായി സുരക്ഷിത താവളം ഒരുക്കുന്നത് പാക്കിസ്ഥാന്‍ നിര്‍ത്തിവയ്ക്കണമെന്നും സംഭവത്തെ അപലപിച്ച് വൈറ്റ് ഹൗസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ അറിയിച്ചു. 

എല്ലാ ഭീകര സംഘടനകള്‍ക്കും സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ അഭയവും പിന്തുണയും നല്‍കുന്ന പാക്കിസ്ഥാന്റെ പ്രവൃത്തി അവസാനിപ്പിക്കണം. ഭീകര പ്രവര്‍ത്തനങ്ങളെ നേരിടാനായി ഇന്ത്യയും അമേരിക്കയും ഒരുമിച്ചു നിന്നുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്താനേ ഈ ആക്രമണം കൊണ്ടാകൂവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. 

അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ഇടപെടലുകള്‍ നടന്നതായി സംശയമുണ്ടെന്ന് യുഎസ് പ്രതിരോധ വിദഗ്ധര്‍ അറിയിച്ചു. ജെയ്ഷ ഇ മുഹമ്മദിനും ഭീകര സംഘടനകള്‍ക്കും എതിരെ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ യുഎസ് പരാജയപ്പെട്ടെന്നും മുന്‍ സിഐഎ അനലിസ്റ്റ് ബ്രൂക് റീഡല്‍ അറിയിച്ചു. പാക് ഐഎസ്‌ഐയില്‍ നിന്ന് സഹായം ലഭിച്ചിട്ടുള്ള ഈ ഭീകരാക്രമണം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആദ്യത്തെ വെല്ലുവിളിയാകുമെന്നും റീഡെല്‍ കൂട്ടിച്ചേര്‍ത്തു.

പുല്‍വാമയില്‍ കഴിഞ്ഞ ദിവസം സൈന്യത്തിനു നേരെയുണ്ടായ ഭീകരാക്രമണം പാക്കിസ്ഥാന്റെ പിന്തുണയില്‍ ഭീകര സംഘടനകള്‍ കശ്മീരില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചനയാണ് നല്‍കുന്നതെന്ന മുന്‍ നാഷണല്‍ സെക്യൂരിട്ടി കൗണ്‍സില്‍ ഉദ്യോഗസ്ഥനായ അനീഷ് ഗോയലും പറഞ്ഞു 

ജമ്മുകശ്മീരില്‍ ഭീകരാക്രമണം നടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടിറസ് അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തോടും ഭാരത സര്‍ക്കാരിനോടും അനുശോചനം അറിയിക്കുന്നതായി ഗിട്ടിറസിനു വേണ്ടി വക്താവ് സ്റ്റീഫന്‍ ഡുജാറിക് അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.