പാക്കിസ്ഥാനെതിരെ ഇന്ത്യക്കൊപ്പം അമേരിക്കയും

Saturday 16 February 2019 10:30 am IST

വാഷിങ്‌ടണ്‍: പാക്കിസ്ഥാനെതിരെ ഇന്ത്യക്കൊപ്പം അമേരിക്കയും. ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ താവളം ഒരുക്കുന്നതിനെതിരെ ഒന്നിച്ച് നീങ്ങും. ഭീകരവാദം തടയാനുള്ള ഇന്ത്യന്‍ അവകാശം അംഗീകരിക്കുന്നുവെന്നും അമേരിക്ക അറിയിച്ചു. 

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ ഫോണില്‍ ബന്ധപ്പെട്ട യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം ഫോണ്‍സന്ദേശത്തില്‍ അറിയിച്ചു.

ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്ന പാക്കിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഭീകരവാദം പൂര്‍ണമായും അവസാനിപ്പിക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടുമെന്നും ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു. 

ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങള്‍ അനുസരിച്ച്‌ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കും. ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്‍ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ആവശ്യത്തിന് അമേരിക്കയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ജോണ്‍ ബോള്‍ട്ടണ്‍ അജിത് ദോവലിന് ഉറപ്പ് നല്‍കി.

നേരത്തേ പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച്‌ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയായ ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് സുരക്ഷാ താവളമൊരുക്കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.