എം.എ കൃഷ്ണം വന്ദേ

Sunday 17 February 2019 3:47 am IST
അരനൂറ്റാïിലേറെക്കാലമായി കേരളത്തിലെ സാമൂഹ്യ, സാംസ്‌കാരിക, പൈതൃക, ചിന്തന മേഖലകളിലുïായ ഭാവാത്മക പരിവര്‍ത്തനത്തിന്റെ ഉറവിടം എം.എ. സാറിന്റെ പുഷ്‌കലവും ഭാവസമൃദ്ധവും സുരഭിലവുമായ മനസ്സാണെന്നു പറയുന്നത് വസ്തുതാകഥനം മാത്രമാവും. പ്രാഥമികാധ്യയനകാലം മുതല്‍ സംസ്‌കൃത ഭാഷാധ്യയനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹത്തില്‍ അത് സൃഷ്ടിച്ച സൂര്യോദയത്തിന്റെ പ്രകാശ കിരണങ്ങള്‍ ഇന്ന് സര്‍വത്ര പ്രസരിക്കുന്നു

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് എളമക്കരയിലെ ഭാസ്‌കരീയത്തില്‍ കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരും യഥാര്‍ത്ഥ നവോത്ഥാന കാംക്ഷികളും ചേര്‍ന്ന് എം.എ. സാര്‍ എന്ന എം.എ. കൃഷ്ണന്റെ തൊണ്ണൂറാം വയസ്സ് കൊണ്ടാടിയപ്പോള്‍ അതില്‍ ഭാഗഭാക്കാവാനുള്ള അവസരം എനിക്ക് യാദൃച്ഛികമായി നഷ്ടപ്പെട്ടു. അതിന്റെ തലേ ആഴ്ചയില്‍ എന്റെ തൊട്ടു താഴെയുള്ള സഹോദരി മരണപ്പെട്ടതിന്റെ ശേഷക്രിയാ സംബന്ധമായ കര്‍മ്മങ്ങളുടെ അവസാന ദിവസം അന്നായിരുന്നതിനാല്‍ കിടങ്ങൂരിനടുത്ത് കട്ടച്ചിറയിലെ അവരുടെ വീട്ടില്‍ പോകേണ്ടിയിരുന്നു.

തൊട്ടുതാഴെയുള്ള അനുജത്തിയായതിനാല്‍ ഞങ്ങളുടെ അടുപ്പത്തിന് അന്യാദൃശ സവിശേഷത സ്വഭാവികമായും ഉണ്ടാകുമല്ലോ. എം.എ. സാറിന്റെ നവതിയാഘോഷമായ 'കൃഷ്ണം വന്ദേ'യില്‍ പങ്കെടുക്കാമെന്നു സമ്മതിച്ചിരുന്നതായിരുന്നു. അനുജത്തിയുടെ മരണം മൂലം അതിന് സാധിക്കില്ലെന്ന്  സംഘാടകരെ അറിയിക്കുകയും ചെയ്തു. വിവരം എം.എ. സാറിനെ ഫോണ്‍ മുഖാന്തിരം അറിയിച്ചപ്പോള്‍ അദ്ദേഹം സംവേദന പ്രകാശിപ്പിച്ചു. 

അരനൂറ്റാണ്ടിലേറെക്കാലമായി കേരളത്തിലെ സാമൂഹ്യ, സാംസ്‌കാരിക, പൈതൃക, ചിന്തന മേഖലകളിലുണ്ടായ ഭാവാത്മക പരിവര്‍ത്തനത്തിന്റെ ഉറവിടം എം.എ. സാറിന്റെ പുഷ്‌കലവും ഭാവസമൃദ്ധവും സുരഭിലവുമായ മനസ്സാണെന്നു പറയുന്നത് വസ്തുതാകഥനം മാത്രമാവും. പ്രാഥമികാധ്യയനകാലം മുതല്‍ സംസ്‌കൃത ഭാഷാധ്യയനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹത്തില്‍ അത് സൃഷ്ടിച്ച സൂര്യോദയത്തിന്റെ പ്രകാശ കിരണങ്ങള്‍ ഇന്ന് സര്‍വത്ര പ്രസരിക്കുന്നു. സംസ്‌കൃതം പഠിക്കുന്നത് ജോലി സാധ്യത വര്‍ധിപ്പിക്കുമെന്നും, പഠനത്തിന് പണച്ചെലവുണ്ടാകില്ലെന്നും മറ്റുമുള്ള അന്തരീക്ഷം എന്നും നിലനിന്നിരുന്നു. എന്നാല്‍ എം.എ. കൃഷ്ണന്റെ മനസ്സില്‍ അങ്ങനത്തെ ചിന്തയേ ഉണ്ടായിരുന്നില്ലെന്ന് 1951-ല്‍ അദ്ദേഹവുമായി പരിചയമായപ്പോള്‍ തന്നെ ഈ ലേഖകനു വ്യക്തമായിരുന്നു. സംഘമെന്ന തത്വം മനസ്സില്‍ കടന്നപ്പോള്‍ മുതല്‍ മറ്റൊരു മോഹവും അവിടെ കയറിയില്ല.

'മഹോപാധ്യായ'നായിക്കഴിഞ്ഞപ്പോള്‍ പ്രചാരകനായി. 1953 മുതല്‍ ആ പാതയില്‍ തുടരുന്നു. അതു ഗണഗീതത്തില്‍ പ്രതിപാദിക്കുന്നതുപോലെ 'അനന്തവിദൂര'വും 'കണ്ടകസഞ്ചിത'വുമായിരുന്നു. ശരീരാസ്വാസ്ഥ്യങ്ങള്‍ തന്നെയായിരുന്നു ഏറ്റവും കടുത്ത എതിരാളി.  പക്ഷേ ഇച്ഛാശക്തിയും വിജിഗീഷയും, താന്‍ ഏറ്റെടുത്ത കാര്യത്തിന്റെ ദൈവീകതയും എം.എ. സാറിനെ മുന്നോട്ടു നയിച്ചു.

എതിര്‍ക്കാന്‍ വന്നവര്‍ അഭിനന്ദിക്കുകയും, സഹായികളാവുകയും ചെയ്ത എത്രയോ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. 1957-ല്‍ ഞാന്‍ പ്രചാരകനായപ്പോള്‍ തൊടുപുഴയില്‍ പ്രചാരകനായി കുറച്ചുകാലം അദ്ദേഹം താമസിച്ചിരുന്നു. തൊടുപുഴക്കാര്‍ ആദ്യ പ്രചാരകനായി അദ്ദേഹത്തെയാണ് കാണുന്നത്.  അക്കാലത്ത് സംഘപ്രവര്‍ത്തനത്തെ തടയാന്‍ ഒരുമ്പെട്ടു നടന്നിരുന്ന നിരവധി പ്രമുഖര്‍ അവിടെ ഉണ്ടായിരുന്നു. ശാഖയിലെ കൗമാരപ്രായക്കാരായ സ്വയംസേവകര്‍ എം.എ. സാറിന്റെ സഹവാസത്തില്‍ പക്വതനേടുന്നതു കണ്ട അവരില്‍ പലരും അദ്ദേഹത്തെ ക്രമേണ അഭിനന്ദിച്ചു തുടങ്ങി. അവര്‍ സംഘത്തിന് ഉറച്ച പിന്തുണ നല്‍കാന്‍ അധികകാലം വേണ്ടിവന്നില്ല. അക്കാലത്ത് ഇടുക്കി പദ്ധതിയുടെ പണി മൂലമറ്റത്തു തകൃതിയായി നടക്കുകയായിരുന്നു. അതിനായി സാമഗ്രികള്‍കൊണ്ടുപോയിരുന്ന 'എംഎകെ' എന്ന വിഭാഗം ട്രക്കുകള്‍ നിരന്തരമായി നഗരത്തിലൂടെ പാഞ്ഞിരുന്നു. ശാഖാ പ്രവര്‍ത്തനത്തിനായുള്ള എം.എ. സാറിന്റെ ത്വരിതഗമനത്തെയും എംഎകെയുടെ പാച്ചിലിനോടു താരതമ്യം ചെയ്ത് 'മാക്ക്' (എം.എ. കൃഷ്ണനെന്നതിന്റെ ചുരുക്കം) എന്നു വിളിച്ചുവന്നു.

തുടര്‍ന്ന് ആലപ്പുഴയിലും കൊല്ലത്തും പ്രചാരകനായിരിക്കെ അവിടെയും സംഘത്തിന്റെ ഈടുവെപ്പ് അദ്ദേഹം ഊട്ടിയുറപ്പിച്ചു. ഒട്ടും കോലാഹലമില്ലാതെ കാര്യകര്‍ത്താക്കളെ തെരഞ്ഞുപിടിച്ച്, ആശയത്തിലുറപ്പിച്ചു വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം കാട്ടിയ മികവ് അത്ഭുതകരമായിരുന്നു. ശാരീരികാവസ്ഥ ശാഖാ കേന്ദ്രിതമായ സംഘപ്രവര്‍ത്തനം സമര്‍ത്ഥമായി കൊണ്ടുനടത്താന്‍ ഉതകുന്നതരത്തിലല്ലാതായപ്പോള്‍ എംഎ സാര്‍ കേസരി വാരികയുടെ പത്രാധിപത്യത്തിന് നിയുക്തനായി.

കോഴിക്കോട്ട് പാളയം റോഡിലെ ശ്രീ വെങ്കിടേശ് ബില്‍ഡിംഗിന്റെ നാലാം നിലയില്‍ നിത്യേന പടി കയറിയെത്തി, ആ ചുമതല നിര്‍വ്വഹിച്ചുവന്ന രണ്ടര പതിറ്റാണ്ടുകാലം കേസരി കാര്യാലയം സാംസ്‌കാരിക, ബൗദ്ധിക, ആത്മീയ മേഖലകളുടെ അനൗപചാരിക ആസ്ഥാനമായി വളരുകയായിരുന്നു. വിവിധ രംഗങ്ങളിലുള്ളവരുമായൊക്കെ അദ്ദേഹം നേരിട്ടു വ്യക്തിബന്ധം വളര്‍ത്തി. അവരുടെ ആശയലോകങ്ങളിലേക്ക് അവരറിയാതെതന്നെ പ്രവേശിച്ചു. സംഘത്തിന്റെ ആശയങ്ങളെ അനുകൂലിച്ചവരും നിരാകരിച്ചവരും എംഎ സാറിന്റെ സുഹൃത്തുക്കളായി. ഭൗതികശാസ്ത്രത്തിലെ 'ഓസ്‌മോസിസ്' തത്വത്തിലെന്നപോലെ അവര്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കിയ നേര്‍ത്ത പാടയിലൂടെ അതു കടന്നു കരുത്താര്‍ജിച്ചു. കാലക്രമേണ എത്രയോ പ്രഗത്ഭര്‍ തികഞ്ഞ ഹിന്ദുത്വാശയക്കാരായി മാറി.

ഇടതുപക്ഷ, മതനിരപേക്ഷ, ഹൈന്ദവതാ നിരോധ പക്ഷക്കാരായിരുന്ന എത്രയോ പ്രഗല്‍ഭ വ്യക്തികളുടെ മനസ്സിലെ മേഘപടലങ്ങള്‍ ക്രമേണ നീങ്ങാന്‍ എംഎ സാറിന്റെ സമ്പര്‍ക്കം പ്രയോജനപ്പെട്ടു.

തന്റെ മുന്നിലെത്തിയ അവസരങ്ങളെ ഏറ്റവും അനുയോജ്യമായ വിധത്തില്‍ ഉപയോഗിക്കാന്‍ എംഎ സാര്‍ ശ്രദ്ധിച്ചു. 1967 അവസാനം കോഴിക്കോട് ദീനദയാല്‍ ഉപാധ്യായയുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ട അഖിലഭാരത ജനസംഘ സമ്മേളനം രാജ്യത്ത് വന്‍ ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നതായി. സമസ്ത ഭാരതത്തില്‍നിന്നും എത്തിയ 8000 പ്രതിനിധികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കോഴിക്കോട്ടുകാര്‍ക്കു കഴിഞ്ഞു. അതില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനക്കാരും ഭാഷക്കാരുമായ എഴുത്തുകാര്‍ ഉണ്ടാകുമെന്നു മനസ്സിലാക്കിയ എംഎ സാര്‍, ഒരു അഖില ഭാരതീയ സാഹിത്യകൂട്ടായ്മയ്ക്ക് കോപ്പുകൂട്ടി. മലയാള സാഹിത്യത്തിലെ തലമുതിര്‍ന്ന എന്‍.വി. കൃഷ്ണവാര്യര്‍, മഹാകവി അക്കിത്തം, എന്‍.എന്‍. കക്കാട്, വി.എം. കൊറാത്ത് തുടങ്ങിയവരുടെ സഹകരണത്തോടെ അതു ഭംഗിയായി നടത്തപ്പെട്ടു.

കേരളത്തില്‍ നദീസംരക്ഷണം, പര്യാവരണ രക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ജാഗ്രതയുണര്‍ത്തിയ ആദ്യ പരിശ്രമം 'കേസരി' വാരികയുടെ 'നിളയുടെ ഇതിഹാസം' പതിപ്പായിരുന്നു. അതിന് പ്രഗത്ഭരുടെ കലവറയില്ലാത്ത സഹകരണം അദ്ദേഹം നേടി. ആ വിശേഷാല്‍ പതിപ്പ് അമൂല്യനിധിതന്നെയാകുന്നു.

ബാലമനസ്സുകളെ ഭാരതീയത്തനിമയില്‍നിന്ന് അടര്‍ത്തിയെടുത്ത് സാംസ്‌കാരികമായും മതപരമായും അന്യവല്‍ക്കരിക്കാനുള്ള നിഗൂഢ ശ്രമങ്ങള്‍ ശര്‍ക്കരപുരട്ടിപോലെ ദശകങ്ങളായി കേരളത്തിലുടനീളം നടന്നുവന്നു. കേസരി വാരികയിലെ ബാലഗോകുലത്തിന് ഒരു കര്‍മപഥം സൃഷ്ടിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പരിണാമമാണല്ലോ ലോകപ്രസിദ്ധമായിക്കഴിഞ്ഞ ബാലഗോകുലം. ഇന്നതൊരു സര്‍വകലാ വിദ്യാശാലയോ കേദാരമോ ആയിക്കഴിഞ്ഞിരിക്കുന്നു. അടിയന്തരാവസ്ഥക്കാലം പ്രയോജനപ്പെടുത്തി കേരളത്തിലെ അന്തസ്സും അഭിമാനവും പണയപ്പെടുത്താത്ത ചിന്താശാലികളുമായി അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തി ആ രംഗത്ത് ഒരു 'തപസ്യ' ക്കുതന്നെ പിറവികുറിച്ചു. നദീസംരക്ഷണത്തിനെന്നപോലെ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ നീണ്ട ഐതിഹാസിക കേരളം കണ്ടെത്താന്‍ നടത്തപ്പെട്ട സാംസ്‌കാരികയാത്രകളും ശ്രദ്ധേയമായിരുന്നു.

ഉറങ്ങിക്കിടക്കുന്ന പ്രതിഭകളെ ഉണര്‍ത്തി മനസ്സുകളെ പ്രചോദിപ്പിക്കുന്നതിന്റെ തൊണ്ണൂറു വര്‍ഷങ്ങളാണ് കഴിഞ്ഞ ദിവസം എംഎ സാര്‍ പൂര്‍ത്തിയാക്കിയത്.

കൃഷ്ണം വന്ദേ!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.