ധീര സൈനികരുടെ ബലിദാനത്തിന് ഭാരതം കണക്കുതീര്‍ക്കും: ബിപ്ലവ്കുമാര്‍ ദേബ്

Sunday 17 February 2019 6:58 am IST

ചാവക്കാട്: പുല്‍വാമയിലെ  ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച  സൈനികരുടെ ബലിദാനത്തിന് ഭാരതം എണ്ണിയെണ്ണി കണക്കു തീര്‍ക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് . ചാവക്കാട്ട് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം പതിനേഴാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള്‍ പ്രതികാരം ചെയ്യുക തന്നെ ചെയ്യും. ഭീകരാക്രമണത്തില്‍ മരിച്ച 40  സൈനികരുടെയും  കുടുംബത്തിന് ത്രിപുര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതം നല്‍കും. 

അടുത്ത തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി  വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും.  കേരളത്തില്‍ ദുരന്തങ്ങളുണ്ടായപ്പോഴെല്ലാം അതില്‍ നിന്ന് കരകയറാന്‍ സഹായിച്ച മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓഖിദുരന്തബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതം കൊടുത്തു. സംസ്ഥാനം ക്ഷേമനിധിയില്‍ നിന്നുള്ള വിഹിതം മാത്രമാണ് കൊടുത്തത്. മത്സ്യത്തൊഴിലാളികളുടെ നിരന്തര ആവശ്യമായ പ്രത്യേക മന്ത്രാലയം നരേന്ദ്രമോദി സാക്ഷാത്കരിച്ചു.

സാമ്പത്തികമായും സാംസ്‌കാരികമായും കരുത്തുള്ള  കേരളമാണ് നമുക്കാവശ്യം. അതിന് ബിജെപിയുടെ സര്‍ക്കാര്‍ വരണം. ത്രിപുരയില്‍  മൂന്ന് വര്‍ഷം കൊണ്ട് പൂജ്യത്തില്‍ നിന്ന് അധികാരത്തിലെത്താന്‍ കഴിഞ്ഞെങ്കില്‍ കേരളത്തിലും അതിന് സാധിക്കും. ആത്മവിശ്വാസത്തോടെയുള്ള പ്രവര്‍ത്തനം മാത്രമേ അതിന് വഴിയൊരുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.കെ.എസ്. പവിത്രന്‍, ജനറല്‍ കണ്‍വീനര്‍ കെ.ജി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബിഎംപിഎസ് സംസ്ഥാന പ്രസിഡന്റ് രജനീഷ് ബാബു, ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്, ട്രഷറര്‍ ഒ.എന്‍. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് പ്രസീത ഹരീന്ദ്രന്‍, സംസ്ഥാന മഹിളാ പ്രമുഖ് അരുന്ധതി മാധവന്‍, സീമാ ജാഗരണ്‍ മഞ്ച് ദേശീയ സഹസംയോജകന്‍ പി.പ്രദീപന്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവര്‍ പങ്കെടുത്തു. 

മത്സ്യ ബന്ധന സംസ്‌കാരത്തിന്റെ പ്രതീകമായ ബേപ്പൂര്‍ ഉരുവിന്റെ മാതൃക ത്രിപുര മുഖ്യമന്ത്രിക്ക് ഉപഹാരമായി നല്‍കി. കഴിഞ്ഞ ദിവസം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. മണത്തല നാഗയക്ഷി ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.