മലയാളികള്‍ അസംതൃപ്തര്‍: ജോയ്മാത്യു

Sunday 17 February 2019 2:21 am IST

മലയാളികള്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരും അസംതൃപ്തരുമാണ്. ചുറ്റുമുള്ളവരോട് അസൂയയും കുശുമ്പുമാണ്. ഒരു ശരാശരി മലയാളി അവന്റെ ജീവിതം തുടങ്ങുന്നതുതന്നെ അസൂയയില്‍ നിന്നാണ്. 

അടുത്ത വീട്ടിലെ ഒരാള്‍ കാര്‍ വാങ്ങിയാല്‍ കടംവാങ്ങിയെങ്കിലും നമ്മളും കാര്‍വാങ്ങും. കപടസദാചാരമെന്നത് ലൈംഗികതയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. കുടുംബമായി ജീവിക്കുന്ന ഒരാളെ സംബന്ധിച്ച് അയാളുടെ ദാമ്പത്യജീവിതത്തി ല്‍ ലൈംഗികദാരിദ്ര്യം അനുഭവപ്പെടാതെ നോക്കേണ്ടത് അയാള്‍ തന്നെയാണ്. 

പെണ്ണിനെ ഉപഭോഗവസ്തുവായി കാണുന്ന സമൂഹത്തില്‍ നിന്നാണ് നമ്മള്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നതുതന്നെ. 

ജോയ്മാത്യു

അങ്ങനെ വല്യകുഴപ്പമൊന്നുമുള്ള ആളല്ല. ഒരു സാധാരണക്കാരന്‍. മനുഷ്യന്റെ എല്ലാ നല്ലതും ചീത്തയുമുള്ള ഒരാള്‍. ഫുള്‍ കുടുംബ മനുഷ്യനായാല്‍ നമ്മുടെ ലൈഫിന്റെ ഒരാസ്വാദനം ഫ്രീയായിട്ട് നടക്കൂല. ഓവര്‍ സെന്റിമെന്റലായിപ്പോകും. പാതി ഫാമിലിമേനാണ് ഞാന്‍ എന്ന് പറയാം. വൈകാരിക പ്രപഞ്ചത്തില്‍ പെട്ടുപോയാല്‍ വലിയ കാര്യമൊന്നുമില്ലാന്നല്ലേ മഹാന്മാരെഴുതി വെച്ചിരിക്കുന്നേ... വൈകാരിക പ്രപഞ്ചം അങ്ങനെ നടക്കും, നമ്മുടെ ലൈഫ് ഇങ്ങനെ നടക്കും. നമ്മള്‍ ബേസിക്കലി, മനസ്സിന് താല്‍പ്പര്യമുള്ളത് ചെയ്ത് ജീവിക്കുക.

ചെമ്പന്‍ വിനോദ്

സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് എല്ലാ വ്യവസായങ്ങളും അനുയോജ്യമല്ല. പുറത്തുനിന്നുള്ള മൂലധനം ആകര്‍ഷിക്കുന്നതിനുപകരം സഹകരണമേഖലയില്‍ വ്യവസായങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിക്കണം. പുനര്‍വിന്യാസം എന്നതിനെക്കാള്‍ കേരള വികസനമാതൃക മുന്നോട്ടുപോകേണ്ടതുണ്ട്. സഹകരണ മേഖലയിലുള്ള ഉല്‍പ്പാദനത്തിലേക്കും കടക്കണം. കൂടാതെ, ഭൂമി അധികമുള്ള തോട്ടങ്ങളില്‍നിന്ന് ഭൂമി ഏറ്റെടുക്കാം. ഭൂപരിഷ്‌ക്കരണം വന്‍കിട തോട്ടങ്ങളെ ഒഴിവാക്കിയാണ് നടപ്പാക്കിയത്. ഇവരില്‍ പലരും വളരെയധികം ഭൂമി കൈവശം വെച്ചിരിക്കുകയാണ്. ഇങ്ങനെ അധികമുള്ള ഭൂമി ഏറ്റെടുത്ത് അത് ഭൂരഹിതര്‍ക്ക് നല്‍കാവുന്നതാണ്.

-പ്രഭാത് പട്‌നായിക്

എഴുത്തുകാരന്റെ ആദ്യധര്‍മ്മം രസിപ്പിക്കുക എന്നതാണ്. അതില്ലാത്ത ഒരു കഥയും നിലനില്‍ക്കില്ല. ആ ഒരു ബാലന്‍സിങ് എപ്പോഴും കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ഞാന്‍ ആരാധിക്കുന്ന ഏറ്റവും വലിയ എഴുത്തുകാരന്‍ ശ്രീനിവാസനാണ്. എത്രയോ ദേശീയഅവാര്‍ഡ് കിട്ടിയ എഴുത്തുകാരുടെ ഒരു കൃതിയും കുറെക്കാലം കഴിയുമ്പോള്‍ ആരും ഓര്‍മ്മിക്കുന്നില്ല. പക്ഷേ, ശ്രീനിവാസന്‍ എഴുതിയ സിനിമയിലെ ഡയലോഗുകള്‍ മുപ്പത് കൊല്ലം കഴിഞ്ഞിട്ടും നമ്മള്‍ ഓര്‍ത്തിരിക്കുന്നുണ്ട്. അതാണ് എഴുത്തുകാരന്റെ വിജയം.

-ആനന്ദ് നീലകണ്ഠന്‍

മനുഷ്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടമാണ് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ മുഖമുദ്ര. രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യാവകാശപ്രശ്‌നങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും നിലപാടെടുക്കുകയും ചെയ്തു. അക്കാര്യത്തില്‍ വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ചതേയില്ല. ലോകത്തിലെ മുഴുവന്‍ പോരാട്ടങ്ങളെയും മനുഷ്യാവകാശ പ്രശ്‌നമായി അദ്ദേഹം കണ്ടു. ജോര്‍ജ് ഫെര്‍ണാണ്ടസ് വിപ്ലവകാരിയായ സോഷ്യലിസ്റ്റായിരുന്നു.

-എം.കെ. പ്രേംനാഥ്

ഒരു കുറവുണ്ട്. എഴുതിയതെല്ലാം പൂര്‍ണ തൃപ്തിയായി പ്രസിദ്ധീകരിച്ചതല്ല എന്ന കുറവ്. കുറവുണ്ടെന്ന് അറിയാം. പക്ഷേ, അതു മുഴുവനായി പരിഹരിക്കാന്‍ ഇനി എനിക്കു ശക്തിയില്ല എന്നു തോന്നുമ്പോഴാണ് കൃതി പ്രസിദ്ധീകരിക്കുന്നത്. ഒരു വര്‍ഷം വേണം എനിക്ക് ഒരു നോവല്‍ തയ്യാറാക്കാന്‍. മൂന്നു മാസം കൊണ്ട് എഴുതിത്തീരും. പിന്നീടുള്ള 9 മാസം തിരുത്തലുകള്‍ക്കുള്ളതാണ്. എന്നിട്ടും പൂര്‍ണ തൃപ്തിവരാറില്ല. 

-സി. രാധാകൃഷ്ണന്‍

നിയമവിരുദ്ധമായ ഇംഗിതത്തിനു വഴങ്ങാത്ത നീതിമാനായ മേലാവിനെ ജീവനക്കാര്‍ പരസ്യമായി ആക്ഷേപിക്കുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ ഉത്തരവാദിത്തമുള്ള പ്രധാനാധ്യാപകരെപ്പോലും ഭീഷണിപ്പെടുത്തുന്നു. 

ആര്‍ക്കും എന്തുമാകാം എന്ന മട്ടില്‍ കുത്തഴിഞ്ഞ രീതിയില്‍ സമൂഹം മാറുമ്പോള്‍, നിയമം പാലിച്ചുകഴിയുന്നവരുടെ കാര്യം പരുങ്ങലിലാകുന്നു. സ്വാതന്ത്ര്യത്തെയും തോന്ന്യാസത്തെയും വേര്‍തിരിക്കുന്ന രേഖ തീരെ നേര്‍ത്തതാണ്. താന്തോന്നികള്‍ ഈ ദൗര്‍ബല്യം മുതലെടുത്ത്, ന്യായവാദം പറഞ്ഞ്, സമൂഹദ്രോഹം നടത്താറുണ്ട്. നീതി അനീതിയും അനീതി നീതിയുമാകുന്ന സാഹചര്യം.

ബി.എസ് വാര്യര്‍

മോഡലിങ് ഒരിക്കല്‍പ്പോലും എന്റെ സ്വപ്‌നങ്ങളില്‍ ഇല്ലായിരുന്നു. ആസിഡ് ആക്രമണത്തിനുശേഷം എന്റെ ഡോക്ടര്‍ക്കൊപ്പം മുംബൈയില്‍ വെച്ചാണ് ഞാനാദ്യമായി ഒരു ഫാഷന്‍ഷോ കാണുന്നതുപോലും. ഒരു ടീച്ചറാവാനായിരുന്നു എന്റെ ആഗ്രഹം. ലെവന്‍ത് സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുമ്പോഴാണ് അവരെന്നെ ആക്രമിക്കുന്നത്. തിരിച്ചുവന്നപ്പോള്‍ എനിക്കൊറ്റലക്ഷ്യമേ ഉണ്ടായിരുന്നുളളൂ. മറ്റ് ഇരകളാക്കപ്പെട്ടവര്‍ക്കും തിരിച്ചുവരവ് സാധ്യമാകണം എന്ന്. ഇനിയൊരാള്‍ ആ പട്ടികയിലിടം നേടരുതെന്ന്. ഈ ക്യാമ്പയിന് വേണ്ടിയാണ് വീഡിയോ ബ്ലോഗ് ആരംഭിച്ചത്.

രേഷ്മ ഖുറേഷി

ഒരിക്കല്‍ വാധ്യാര്‍ സിനിമയുടെ സെറ്റില്‍വെച്ച് നടന്‍ ജയസൂര്യ ചോദിച്ചിട്ടുണ്ട്. എന്തിനാ ചേട്ടാ ഈ പണിക്ക് പോവുന്നതെന്ന്. എഴുത്തും വായനയുമുണ്ട്. തിരക്കഥയെഴുതിക്കൂടേ? പക്ഷേ, സിനിമയിലെ പിആര്‍ഒ പണിയില്‍ ഞാ ന്‍ അഞ്ചാറുപേരുമായി മത്സരിച്ചാല്‍ മതി. തിരക്കഥയെഴുതാനാണെങ്കില്‍ ഇവിടെ പത്തിരുന്നൂറ് പേരുണ്ട്. ഞാനെന്റെ ഫീല്‍ഡില്‍ രാജാവാണ്. പിന്നെന്തിന് മറ്റൊരിടത്തുപോയി പ്രജയായി ജീവിക്കണം.

എ.എസ് ദിനേശ്

കലയ്ക്ക് ദേശമോ കാലമോ അതിരുകളോ ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. യൂറോപ്പിലൊക്കെ ശില്‍പിയാണെന്ന് പറഞ്ഞാ കെട്ടിപ്പിടിച്ച് ഉമ്മ തരും. ഇവിടെ കലാകാരനെയും എഴുത്തുകാരനെയും പൊതുജനത്തിന് പൂച്ഛമാണ്. മാനുഷികമൂല്യമുള്ളവര്‍ ഏത് നാട്ടിലുമുണ്ട്. ഒരു ജനതയെന്ന നിലയി ല്‍ നമുക്കും അതുണ്ടായിരുന്നു. അധികാരത്തിനുവേണ്ടി മത്സരിക്കാന്‍ തുടങ്ങിയപ്പോഴാ മൂല്യങ്ങളില്ലാതായത്.

-കാനായി കുഞ്ഞിരാമന്‍

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.