നാദിയാദ്: ആണ്‍കുട്ടികളുടെ ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി കേരളം പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് 47 പോയിന്റായി. ആദ്യ ദിനത്തില്‍ ഒരു സ്വര്‍ണവും രണ്ട് വെങ്കലവും സ്വന്തമാക്കിയിരുന്നു. കര്‍ണാടകയാണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്ക് 39 പോയിന്റുണ്ട്.
രണ്ടാം ദിനത്തില്‍ കെ. ഫാദിഹും ആദര്‍ശ് ഗോപിയുമാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. 110 മീറ്റര്‍ ഹര്‍ഡില്‍സ് 14.57 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് ഫാദിഹ് ഒന്നാം സ്ഥാനം നേടിയത്.
മാര്‍ബേസില്‍ താരമായ ആദര്‍ശ് ഗോപി 1500 മീറ്ററിലാണ് സ്വര്‍ണമണിഞ്ഞത്. 3 മിനിറ്റ് 57.09 സെക്കന്‍ഡില്‍ ആദര്‍ശ് ഒന്നാമനായി ഓടിയെത്തി.
4-100 മീറ്റര്‍ റിലേയിലാണ് കേരളം ഇന്നലെ വെള്ളിമെഡല്‍ സ്വന്തമാക്കിയത്്. ബിജിത്ത്, ദീപക്, അരുണ്‍. എ.സി, നൂറുദ്ദീന്‍ എന്നിവരടങ്ങുന്ന ടീം 42.76 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തി.
അനന്തു വിജയനും കെ.എം. ശ്രീകാന്തുമാണ് വെങ്കലം നേടിയത്. 400 മീറ്ററില്‍ അനന്തു 48.89 സെക്കന്‍ഡില്‍ മൂന്നാമതായി ഓടിയെത്തി. ലോങ്ജമ്പില്‍ 7.20 മീറ്റര്‍ ചാടിക്കടന്നാണ് കെ.എം. ശ്രീകാന്ത് വെങ്കലത്തിന് അര്ഹനായത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: