ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് തെളിവ്

Sunday 17 February 2019 10:33 am IST

ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചു. ജെയ്ഷ ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പാക്കിസ്ഥാനില്‍ ഇരുന്നുകൊണ്ട് ഭീകരാക്രമണം ആസൂത്രണം ചെയ്തതിന്റെ കൂടുതല്‍ തെളിവുകളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്. 

പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് മസൂദ് അസര്‍ സിആര്‍പിഎഫ് സൈന്യത്തെ ആക്രമിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയത്. അനന്തിരവനെ കൊലപ്പെടുത്തിയതിന് ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന് മസൂദ് അസര്‍ ശബ്ദ സന്ദേശം അയച്ചതിന്റെ തെളിവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ാലുമാസമായി മസൂദ് പാക് സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറാന്‍ ഇന്ത്യ തീരുമാനിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്ഥാനാണെന്ന വാദം ഉറപ്പിക്കാന്‍ ഇന്ത്യയുടെ പക്കല്‍ തെളിവുകള്‍ ഉണ്ടോയെന്ന കഴിഞ്ഞ ദിവസം പാക് വിദേശകാര്യമന്ത്രി മഹമ്മൂദ് ഖുറേഷി ചോദിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ശബ്ദ സന്ദേശമടക്കമുള്ള തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്.

അതിനിടെ ഇന്ത്യ മിന്നലാക്രമണം നടത്തുമെന്ന ഭയത്താല്‍ അതിര്‍ത്തിയിലുള്ള ഭീകരരുടെ ക്യാമ്പുകള്‍ പാകിസ്ഥാന്‍ അടിയന്തിരമായി ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ അതിര്‍ത്തികളിലെ സൈനിക വിന്യാസം കൂടുതല്‍ ശക്തമാക്കിയിരുന്നു. കൂടാതെ 40 സൈനികര്‍ വീരമൃത്യു വരിക്കാന്‍ ഇടയായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതിനു പിന്നാലെയാണ് അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ പാകിസ്ഥാന്‍ ഒഴിപ്പിക്കുന്നത്. പൊഖ്‌റാനില്‍ വ്യോമസേന വായുശക്തി എന്ന പേരില്‍ അഭ്യാസപ്രകടനങ്ങളും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. തിരിച്ചടിയ്ക്കാന്‍ സേനാ മേധാവികള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും മോദി അറിയിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.