ആചാരാനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത്: ആര്‍ച്ച് ബിഷപ് സൂസപാക്യം

Monday 18 February 2019 4:49 am IST

പത്തനാപുരം: ആചാരാനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം. മതേതര ഭാരതത്തില്‍ വിശ്വാസ ജീവിതവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. കേരളാ റീജിയണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സിലിന്റെ 33-ാമത് ജനറല്‍ അസംബ്ലിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമുദായം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രശ്‌നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരസിദ്ധാന്തം സ്വീകരിക്കും. സഭയിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ സഭയുടെ നിയമത്തിനും, രാജ്യനിയമങ്ങള്‍ക്കും അനുസൃതമായി പരിഹരിക്കും. സഭയുടെമേല്‍ ബാഹ്യഇടപെടല്‍ അനുവദിക്കില്ല. ന്യൂനപക്ഷ അവകാശം സംരക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണം. തീരദേശപാക്കേജും, ഇടുക്കി പാക്കേജും സര്‍ക്കാര്‍ നടപ്പാക്കണം. ഓഖി, പ്രളയ ദുരിതാശ്വാസ നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം. രണ്ട് ദിവസമായി ശാലേംപുരം അനിമേഷന്‍ സെന്ററില്‍ നടന്നുവന്ന ജനറല്‍ അസംബ്ലിയിലാണ് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്ത് പാസാക്കിയത്. 

പത്രസമ്മേളനത്തില്‍ സൂസപാക്യത്തെ കൂടാതെ പുനലൂര്‍ രൂപതാ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ: ഫ്രാന്‍സിസ് സേവ്യര്‍, സിഎസ്എസ് വൈസ് ചെയര്‍മാന്‍ ബെന്നി പാപ്പച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.