ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മുന്നില്‍ നില്ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അഞ്ചാം റൗണ്ടില്‍ അവര്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്് ന്യൂപോര്‍ട്ട് കൗണ്ടിലെ തോല്‍പ്പിച്ചു.
സിറ്റിക്കായി ഫില്‍ ഫോഡന് രണ്ട് ഗോളും ലിറോയ് സാനെ, റിയാദ് മെഹ്റസ് എന്നിവര്‍ ഓരോ ഗോളും നേടി. അമോദാണ് ന്യൂപോര്‍ട്ടിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.
ലീഗ് രണ്ട് ടീമായ ന്യൂപോര്‍ട്ട് ആദ്യ പകുതിയില്‍ സിറ്റിയെ തളച്ചു. ഗോളടിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഒന്നാം പകുതിയവസാനിക്കുമ്പോള്‍ സ്കോര്‍ 0-0.
പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ന്യൂപോര്‍ട്ടിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച് ലിറോയ് സാനെ സിറ്റിയെ മുന്നിലെത്തിച്ചു. 51-ാം മിനിറ്റിലാണ് ലിറോയ് സ്കോര്‍ ചെയ്തത്. ഈ സീസണില്‍ ലിറോയ് സാനെയുടെ പന്ത്രണ്ടാം ഗോളാണിത്.
പിന്നീട് ഫില്‍ ഫോഡന്റെ ഊഴമായിരുന്നു. 75-ാം മിനിറ്റിലും 88 മിനിറ്റിലും ഫോഡന് ലക്ഷ്യം കണ്ടു. അതിനിടെ ന്യൂപോര്‍ട്ട് ഒരു ഗോള്‍ മടക്കി. അമോദാണ് ഗോളടിച്ചത്. രണ്ടാം പകുതിയുടെ അധികസമയത്ത് മെഹ്റസ് സിറ്റിയുടെ നാലാം ഗോളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: