ഹര്‍ത്താലില്‍ വലഞ്ഞ് ജനം; അങ്ങിങ്ങ് സംഘര്‍ഷം, കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്

Monday 18 February 2019 9:41 am IST
കാസര്‍കോട് രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം. അര്‍ദ്ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയതെ ജനങ്ങള്‍ വാഹനങ്ങള്‍ നിരത്തിലിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും കടകള്‍ തുറന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കാസര്‍കോട് രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം. അര്‍ദ്ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയതെ ജനങ്ങള്‍ വാഹനങ്ങള്‍ നിരത്തിലിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും കടകള്‍ തുറന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

തലസ്ഥാനത്ത് കിളിമാനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി  ബസുകള്‍ തടഞ്ഞു. സംഭവത്തില്‍ അഞ്ച് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല.

ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും നിരത്തിലുണ്ട്. പതിവ് ഹര്‍ത്താലുകളില്‍നിന്ന്  വ്യത്യസ്തമായി തിരുവനന്തപുരം നഗരം ഇപ്പോഴും തിരക്കിലാണ്. എന്നാല്‍ ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചു തിരുവനന്തപുരം നഗരത്തിലെ കടകള്‍ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. 

എറണാകുളം ജില്ലിയിലെ ചിലയിടങ്ങളില്‍ ബസുകള്‍ അനുകൂലികള്‍ തടയുന്നുണ്ട്. മിക്ക കടകളും തുറന്നിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് എല്ലാ ബസുകളും യാത്ര തിരിച്ചിട്ടുണ്ട്. എറണാകുളം കുമ്പളങ്ങിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍  ബസുകള്‍ തടഞ്ഞു. പശ്ചിമ കൊച്ചിയില്‍ പോലീസ് നോക്കി നില്‍ക്കെ ബസില്‍ നിന്ന് യാത്രക്കാരെ ഇറക്കി വിട്ടു. എന്നാല്‍ ഇതുവരെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. നിലവില്‍ കൊച്ചി നഗരത്തെ ഹര്‍ത്താല്‍ വലിയ രീതിയില്‍ ബാധിച്ചിട്ടില്ല. 

എന്നാല്‍ കോഴിക്കോട് കുന്ദമംഗലം പന്തീര്‍പാടത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കൊല്ലം നഗരത്തിലും കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. കൊല്ലം, ചവറ ശങ്കര മംഗലത്തും കണ്ണൂര്‍ പയ്യോളിയിലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു. 

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന എസ്എസ്എല്‍സി, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി മാതൃകാ പരീക്ഷകള്‍ മാറ്റി. കെ എസ് യു സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.