പൊങ്കാലയുടെ പുണ്യം

Wednesday 20 February 2019 3:03 am IST
പഞ്ചഭൂതസമന്വയ നൈവേദ്യവുമായി ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല

കേരളത്തിലും കേരളത്തിനുപുറത്തുമുള്ള അനേകം ക്ഷേത്രങ്ങളില്‍ പൊങ്കാല വഴിപാട് ഒരു വാര്‍ഷികാനുഷ്ഠാനമായി സമീപകാലത്ത് ആചരിച്ചുപോരുന്നു. തമിഴ്‌നാട്ടില്‍ പൊങ്കലും മാട്ടുപൊങ്കലുമെല്ലാം പ്രസിദ്ധിനേടിയ ഉത്സവങ്ങളാണ്. ഇപ്പോള്‍ കേരളത്തിലും പുറമേയും പ്രചരിച്ചുവരുന്ന പൊങ്കാല വഴിപാട് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലാണ് ആരംഭിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. മുന്‍പൊന്നും ഇതര ക്ഷേത്രങ്ങളില്‍ പൊങ്കാല വഴിപാട് നടന്നിരുന്നതായി തോന്നുന്നില്ല. 

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പു മുതല്‍ പൊങ്കാല വഴിപാട് നടന്നുവരുന്നു. കുംഭമാസത്തിലെ മകം നക്ഷത്രത്തിലാണ് ആറ്റുകാല്‍പൊങ്കാല. അതോടനുബന്ധിച്ച് കുത്തിയോട്ടം, തോറ്റംപാട്ട്, താലപ്പൊലി തുടങ്ങിയ അനേകം അനുഷ്ഠാനങ്ങളുമുണ്ട്. അവയിലെല്ലാം അനേകം ആള്‍ക്കാള്‍ പങ്കെടുക്കുകയും ചെയ്യുന്നു. കുറേ അധികദിവസത്തെ ഉത്സവപരിപാടികളാണ് വര്‍ഷംതോറും നടക്കുന്നത്.

വര്‍ഷംതോറും പൊങ്കാലയിടാന്‍ വരുന്ന ഭക്തജനങ്ങളുടെ സംഖ്യ  വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍മാത്രം പങ്കെടുക്കുന്ന പൊങ്കാല മഹോത്സവം ലോകറിക്കോര്‍ഡായ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിട്ട് അനേകം വര്‍ഷങ്ങളായി. ആറ്റുകാല്‍ പൊങ്കാലയെപ്പറ്റി ഗ്രന്ഥങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങി അനേകം പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

വര്‍ഷംതോറും ക്ഷേത്രപരിസരത്ത് പൊങ്കാല ഇടാനായി എത്തുന്ന ഭക്തജനങ്ങളുടെ ആധിക്യമാണ് ആറ്റുകാല്‍ ക്ഷേത്രത്തിന് 'സ്ത്രീകളുടെ ശബരിമല' എന്ന പേരുപോലും ലബ്ധമാക്കിയത്.കുംഭമാസത്തിലെ മകം നക്ഷത്രത്തില്‍ പൊങ്കാല മഹോത്സവം നടക്കുമ്പോള്‍ അതില്‍ പങ്കെടുത്ത് പൊങ്കാല നൈവേദ്യം തയ്യാറാക്കി സമര്‍പ്പിച്ച് ദേവിയുടെ അനുഗ്രഹപുണ്യം നേടാനായി ലക്ഷക്കണക്കിനു സ്ത്രീകളാണ് എല്ലാ ക്ലേശങ്ങളും സഹിച്ച് എത്തുന്നത്.

പൃഥ്വി, അപ്, തേജസ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ സമന്വയത്തിലൂടെ നൈവേദ്യ സമര്‍പ്പണം നടത്തുക എന്നതാണ് പൊങ്കാലയിലെ ആദര്‍ശം. മണ്‍കലം-പൃഥ്വി, ജലം-ആപ്, സൂര്യപ്രകാശം-അഗ്നി, തേജസ്സ്, കാറ്റ്-വായു, തുറന്ന അന്തരീക്ഷം-ആകാശം ഇങ്ങനെ പഞ്ചഭൂതങ്ങളെക്കൊണ്ട് അന്നം പാകം ചെയ്ത് ദേവിക്ക് സമര്‍പ്പിക്കുന്നു. നൈവേദ്യം തീര്‍ത്ഥം തളിച്ച് സമര്‍പ്പിതമായിക്കഴിഞ്ഞാല്‍ ആ നൈവേദ്യവുമായി ഭക്തര്‍ സ്വഗൃഹങ്ങളിലേക്ക് മടങ്ങുന്നു. പൊങ്കാല സമര്‍പ്പിക്കുന്നതോടുകൂടി എല്ലാ ഭക്തകളും സ്വന്തം വേദനകളും പരാധീനതകളും അവശതകളും സങ്കടങ്ങളും എല്ലാം ദേവിക്ക് സമര്‍പ്പിച്ച് അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയാണ്.

നൈവേദ്യത്തോടൊപ്പം പ്രാര്‍ത്ഥനകളും സമര്‍പ്പിച്ച് സംതൃപ്തരായ ഭക്തജനങ്ങള്‍ മടങ്ങുന്നു. ഇങ്ങനെ നൈവേദ്യവും മനസ്സും ദേവിക്ക് സമര്‍പ്പിച്ച ധന്യതയോടെ മടങ്ങുന്ന സ്ത്രീകളുടെ സമൂഹമാണ് പൊങ്കാലയുടെ അത്ഭുതദൃശ്യം.  ഉത്സവത്തിന്റെ ചടങ്ങുകളായ താലപ്പൊലി, കുത്തിയോട്ടം തുടങ്ങിയ അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടുകളുടെയും അവരുടെ രക്ഷകര്‍ത്താക്കളുടെയും പ്രാര്‍ത്ഥനാ മനോഭാവം ശ്രേഷ്ഠം തന്നെയാണ്. അതുപോലെ ഉത്സവദിവനങ്ങളില്‍ നടക്കുന്ന തോറ്റംപാട്ടും ദേവിയുടെ അനുഗ്രഹത്തിനു വേണ്ടിയുള്ള യത്‌നമാണ്.

സമീപകാലത്ത് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അനേകം കലാപരിപാടികള്‍ ക്ഷേത്രം അധികാരികള്‍ ഏര്‍പ്പാട് ചെയ്യുന്നുണ്ട്. അനേകം മാസങ്ങളിലെ സന്നാഹമാണ് അധികാരികള്‍ നിര്‍വഹിച്ചു പോരുന്നത്. ക്ഷേത്രത്തിന്റെ വകയായി പ്രസിദ്ധീകരിച്ചുപോരുന്ന അംബാ പ്രസാദം എന്ന ആദ്ധ്യാത്മിക മാസികയുടെ വിശേഷാല്‍ പ്രതിയും ഉത്സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നുണ്ട്. ഇങ്ങനെ ബഹുമുഖമായ ഒരുക്കങ്ങള്‍ ചെയ്ത് സംഘടിപ്പിക്കുന്ന പൊങ്കാല മഹോത്സവത്തില്‍ ഭാഗഭാക്കാവുന്ന എല്ലാവരുടെയും മനസ്സില്‍ നിറയുന്ന പ്രാര്‍ത്ഥന ഒന്നുമാത്രമാണ്.

'സര്‍വ്വമംഗള മംഗല്യേ

ശിവേ സര്‍വ്വാര്‍ത്ഥ സാധികേ

ശരണേ്യത്ര്യംബകേ ദേവീ

നാരായണീ നമോസ്തുതേ'.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.