എബിവിപി ദേശരക്ഷാ സംഗമം സംഘടിപ്പിച്ചു

Tuesday 19 February 2019 10:01 pm IST

 

മട്ടന്നൂര്‍: കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ട് മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളജ് കവാടത്തിനരികിലെ മതിലില്‍ സ്ഥാപിച്ച പോസ്റ്ററുകളും, ഫോട്ടോകളും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോളജ് കവാടത്തിനു മുന്നില്‍ എബിവിപി ദേശരക്ഷാ സംഗമം സംഘടിപ്പിച്ചു. സംഗമം ദേശദ്രോഹികള്‍ക്ക് ശക്തമായ താക്കീതായി മാറി. പോസ്റ്ററുകളും, ഫോട്ടോകളും നശിപ്പിക്കുന്നവര്‍ ആരായാലും അവരെ രാജ്യദ്രോഹികള്‍ എന്നേ വിളിക്കാന്‍ സാധിക്കൂവെന്ന് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് എബിവിപി ജില്ലാ സെക്രട്ടറി പി.പി.പ്രിജു പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്മാരുടെ ഛായാചിത്രം കാണുമ്പോള്‍ രോഷം കൊള്ളുന്നവരെ കരുതിയിരിക്കണം. ഫോട്ടോകള്‍ വലിച്ചുകീറി നിലത്തിട്ട് ധീര ജവാന്മാരെ അധിക്ഷേപിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാകണം. 

സംസ്ഥാനത്തെ പല കോളേജുകളിലും ദേശവിരുദ്ധശക്തികള്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രിജു പറഞ്ഞു. എബിവിപി മട്ടന്നൂര്‍ കോളജ് യൂണിറ്റ് സെക്രട്ടറി പി.വിഷ്ണു സ്വാഗതം പറഞ്ഞു. കോളജ് കവാടത്തിനരികില്‍ ധീര ജവാന്മാരുടെ ഛായ ചിത്രങ്ങള്‍ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പരിപാടി ആരംഭിച്ചത്. പ്രതിഷേധ സൂചകമായി പാക്കിസ്ഥാന്‍ പതാകയും എബിവിപിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കത്തിച്ചു. പെണ്‍കുട്ടികളടക്കം നിരവധി പേരാണ് ദേശദ്രോഹ ശക്തികള്‍ക്കെതിരെ നടന്ന ദേശരക്ഷ സംഗമത്തില്‍ പങ്കെടുത്തത്.സംസ്ഥാന സമിതിയംഗം അഭിനവ് തൂണേരി, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.കെ.ധനേഷ്, പി.കെ.വിഷ്ണുപ്രസാദ്, ശ്യാമപ്രസാദ്, അനഘ സുജിത്ത്, അപര്‍ണ്ണ രമേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.