450 കോടി കൊടുക്കുക, അല്ലെങ്കില്‍ ജയിലില്‍ കിടക്കുക

Wednesday 20 February 2019 11:08 am IST

ന്യൂദല്‍ഹി: എറിക്‌സണ്‍ കമ്പനി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് തിരിച്ചടി. ഒരു മാസത്തിനുള്ളില്‍ എറിക്‌സണ് 450 കോടി രൂപ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 

തുക നല്‍കിയില്ലെങ്കില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ജസ്റ്റിസ് രോഹിംഗ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. റിലയന്‍സ് ടെലികോം ചെയര്‍മാന്‍ സിതീഷ് സേഠ്, റിലയന്‍സ് ഇഫ്രാടെല്‍ ചെയര്‍പേഴ്‌സണ്‍ ഛായ വിരാണി എന്നിവരോട് ഒരു കോടി രൂപ വീതം സുപ്രീംകോടതി ലീഗല്‍ സര്‍വീസസിന് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ ഇവര്‍ ഒരു മാസം തടവ് അനുഭവിക്കേണ്ടി വരും. 

1600 കോടി രൂപയാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് സ്വിസ് കമ്പനിയായ എറിക്‌സണ് നല്‍കാനുണ്ടായിരുന്നത്. കോടതിയുടെ മേല്‍നോട്ടത്തിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇത് 550 കോടി രൂപയായി കുറച്ചു. 2018 സപ്തംബര്‍ 30ന് മുന്‍പ് നല്‍കണമെന്നും ധാരണയുണ്ടായി. ഇതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് എറിക്‌സണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. അനില്‍ അംബാനിക്ക് അഹന്തയാണെന്നും കേസ് അവസാനിപ്പിക്കുന്നതില്‍ മനപ്പൂര്‍വം വീഴ്ച വരുത്തുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ധാരണക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച റിലയന്‍സിന്റെ മൂന്ന് കമ്പനികളും പണം നല്‍കാന്‍ താല്‍പ്പര്യം കാണിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. 

ജനുവരിയില്‍ 118 കോടി രൂപ വില വരുന്ന രണ്ട് ഡിമാന്റ് ഡ്രാഫ്റ്റുകള്‍ അംബാനി ഹാജരാക്കിയിരുന്നു. ബാക്കി തുക പിന്നീട് നല്‍കുമെന്നും പറഞ്ഞു. എന്നാല്‍ ഇത് സ്വീകരിക്കാന്‍ എറിക്‌സണ്‍ തയാറായില്ല. 550 കോടി രൂപ പലിശ സഹിതം വേണമെന്ന നിലപാടില്‍ കമ്പനി ഉറച്ചുനിന്നു. ഈ പണം ഒരാഴ്ചക്കുള്ളില്‍ എറിക്‌സണ് നല്‍കാനും നിര്‍ദേശിച്ചി

ട്ടുണ്ട്. റിലയന്‍സ് കമ്യൂണിക്കേഷനും റിലന്‍സ് ജിയോയും തമ്മില്‍ ആസ്തി വില്‍പ്പന കരാര്‍ വൈകുന്നതാണ് കാരണമായി അംബാനി ചൂണ്ടിക്കാണിച്ചത്. കേസില്‍ അനില്‍ അംബാനി ഹാജരാകണമെന്ന ഉത്തരവ് വെബ്‌സൈറ്റില്‍ തിരുത്തിയ സുപ്രീംകോടതിയിലെ രണ്ട് കോര്‍ട്ട് മാസ്റ്റര്‍മാരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നേരത്തെ പിരിച്ചുവിട്ടിരുന്നു. അംബാനിക്ക് വേണ്ടി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ഹാജരായത് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.