ഭീകരന്റെ കുഞ്ഞ് ഇവിടെ വളരേണ്ട; ഐഎസ് പെണ്‍കുട്ടിയുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി

Wednesday 20 February 2019 11:23 am IST

ലണ്ടന്‍ : ജന്മം നല്‍കിയ കുഞ്ഞിനെ വളര്‍ത്താനായി ബ്രിട്ടനിലേക്ക് തിരികെ എത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച ഐസിസ് പെണ്‍കുട്ടിയുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഷെമീമ ബീഗം എന്ന യുവതി ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത്. 

എന്നാല്‍ കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്തണമെന്നായിരുന്നു  ഷെമീമയുടെ തീരുമാനം. അത് ബ്രിട്ടനെ അറിയിച്ചതിനെ തുടര്‍ന്ന് ജനവികാരം ഉയര്‍ന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കിയത്. ഇന്നലെയാണ് ഷെമീമയുടെ പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ചുള്ള ഹോം ഓഫിസിന്റെ കത്ത് ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ മാതാവിനു ലഭിച്ചത്. തീരുമാനം മകളെ അറിയിക്കാനും അമ്മയോടു കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ബ്രിട്ടന്‍ ഐസിസിനെതിരെ നടത്തിയ ആക്രമണങ്ങളുടെ പ്രതികാരമായിരുന്നു മാഞ്ചസ്റ്റര്‍ അരീനയില്‍ നടത്തിയ സ്‌ഫോടനമെന്നും അവര്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരം പ്രകോപനപരമായ വെളിപ്പെടുത്തലിന് പിന്നാലെയാണ് ബ്രിട്ടന്‍ പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടനെ നയിച്ചത്. അതേസമയം മകനെ ഇസ്ലാമില്‍തന്നെ വളര്‍ത്തുമെന്നും ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാന്‍ ഒരുക്കമല്ലെന്നും ബിബിസി ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷെമീമ പറഞ്ഞിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ 2015ലാണ് ഷെമീമ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം സിറിയയിലേക്ക് കടന്നത്. രാജ്യം വിടുമ്പോള്‍ ഷെമീമയ്ക്ക് പതിനഞ്ച് വയസായിരുന്നു. ലണ്ടനില്‍ നിന്ന് തുര്‍ക്കിയിലേക്ക് കടന്ന ഇവര്‍ പിന്നീട് സിറിയയിലേക്ക് കടക്കുകയും ചെയ്തു. തുടര്‍ന്ന് ഐസിസ് ഭീകരരുടെ വധുക്കളാകാന്‍ എത്തിയവര്‍ക്കൊപ്പം താമസിക്കുകയായിരുന്നു. 

പിന്നീട്  20 വയസിനു മുകളില്‍ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് പത്തു ദിവസത്തിനു ശേഷം ഇസ്ലാമിലേക്കു മതം മാറിയ ഒരു ഡച്ചുകാരനെ വിവാഹം കഴിക്കുകയും ചെയ്തു. ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ചിരുന്നെങ്കിലും രണ്ടു പേരും മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാലാണ് മൂന്നാമത്തെ കുട്ടിയെ ബ്രിട്ടനില്‍ വളര്‍ത്താന്‍ ഷെമീമ തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.