വരുമാനം മാന്യമായുണ്ടാക്കണം

Thursday 21 February 2019 1:14 am IST

തൃശൂരില്‍ 42 കിലോ കഞ്ചാവുമായി രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ അറസ്റ്റിലായ പത്രവാര്‍ത്ത വായിച്ചു! ആഡംബരച്ചെലവിനുള്ള പണം കണ്ടെത്താനാണത്രേ കഞ്ചാവ് വില്‍പനതുടങ്ങിയത്! ചിലതു കുറിക്കട്ടെ, ഇന്നത്തെ പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ അവസ്ഥയെന്ത്? സംസ്ഥാനത്തിനുപുറത്തും അകത്തും എന്‍ജിനീയറിങിന് പഠിക്കുന്നവര്‍ കഞ്ചാവുകടത്തല്‍ ഒരു വരുമാനമാര്‍ഗമായി കണ്ടുതുടങ്ങിയെന്നത് ഞെട്ടിക്കുന്നു! എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ പലപ്പോഴായി കഞ്ചാവുകേസില്‍ പോലീസ് അറസ്റ്റുചെയ്യുന്ന വാര്‍ത്തകള്‍ വരുന്നു! രാജ്യത്തെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ക്കൂടി വികസിപ്പിക്കേണ്ടവര്‍ സഹപാഠികളേയും സമൂഹത്തേയും അബോധാവസ്ഥയിലാക്കുന്നത് കുറ്റകരമാണ്. സാമൂഹ്യദ്രോഹമല്ലേ ഇതുവഴി ചെയ്യുന്നത്? വിദ്യഭ്യാസത്തിനുള്ള വരുമാനം കഞ്ചാവുകടത്തിയുണ്ടാക്കുന്നത് മഹാപരാധം തന്നെ. 

-ശ്രീജിത്ത്, മരുതായി

നാമുറങ്ങുമ്പോഴും അവര്‍ കാവലിരിക്കുന്നു

നാമലസതയിലാഴുമ്പോള്‍ അവര്‍ ജാഗ്രതയുടെ ഉന്നം പിടിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യം അവരുടെ ഉണര്‍വിന്റെ ദാനമത്രെ. അവര്‍ പിടഞ്ഞുവീഴുമ്പോള്‍ നമിപ്പൂ രാജ്യം ഒറ്റക്കെട്ടായി. അവരത്രേ ധീരജവാന്മാര്‍...

- സി ഷാജീവ്, പെരിങ്ങിലിപ്പുറം

ആസ്ഥാന റോബോട്ട്!

കേരള പോലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കാന്‍ അസിമോ റോബോട്ട്. നിര്‍ദേശങ്ങള്‍ നല്‍കാനും വിവരം ചോദിച്ചറിയാനും റോബോട്ടിനു കഴിയും. തോക്കുമാത്രം റോബോട്ടിനെ ഏല്പിക്കരുത്. ചില സന്ദര്‍ശകരെ തിരിച്ചറിഞ്ഞാല്‍ വെടിവെച്ചെന്നിരിക്കും.

-സോളമന്‍, കൈതയ്ക്കല്‍

കൊല കലയാക്കല്ലേ 

കാഞ്ഞങ്ങാട് പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.പി.എം.ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പോലീസ് അറസ്റ്റുചെയ്തു. പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തു. മറ്റ് ഏഴ് സി.പി.എം. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

 കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം. ആര്‍ക്കുവേണ്ടിയാണ് ഈ കൊലപാതകം നടത്തിയത്? എന്തിനുവേണ്ടി? സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ആരാണ് മറുപടി തരുക? നാട്ടിലുണ്ടാകുന്ന പ്രശ്നങ്ങള്‍ തീര്‍ക്കുന്നത് ഇങ്ങനെയാണോ? വീടുപോലുമില്ലാത്തവരുടെ നേരെ ആയുധമെടുത്തോടാന്‍ ലജ്ജയില്ലേ? ഒരു രാഷ്ട്രീയപാര്‍ട്ടിയും കൊല കലയാക്കി വളര്‍ത്തരുത്. 

-ശ്രീകുമാര്‍, മട്ടന്നൂര്‍

ഉള്ളില്‍ കനലല്ല, തീയാണ്; തിരിച്ചടിക്കും

ഭാരതം ലോകരാഷ്ട്രങ്ങളുടെ നെറുകയില്‍ എത്തണം എന്നാതായിരുന്നു ഗാന്ധിജി കണ്ട സ്വപ്‌നം. ഭാരതം ലോകത്തെ നിയന്ത്രിക്കണം.  അതിനു ശക്തനായ ഒരു ഭരണാധികാരിയും ശക്തമായ ഭരണവും ഉണ്ടാവണം.  55 വര്‍ഷം ഭാരതത്തില്‍ ഭരണം നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളും ദര്‍ശനങ്ങളും സ്വതന്ത്ര ഭാരതത്തില്‍ നടപ്പിലാക്കാന്‍  കഴിഞ്ഞില്ല. അവരുടെ ലക്ഷ്യം അധികാരത്തിലും വ്യക്തിതാല്‍പര്യങ്ങളിലും കുടുംബവാഴ്ചയിലും അഴിമതിയിലും മാത്രമായി ചുരുങ്ങി.

എന്നാല്‍ ഇന്ന് ഭാരതം ലോകരാഷ്ട്രങ്ങളുടെ നെറുകയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ലോകരാഷ്ട്രങ്ങള്‍ ഭാരതത്തെ കേള്‍ക്കുവാനും അറിയുവാനും താത്പര്യം കാണിക്കുന്ന നിലവരുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ നാലര വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പരിശ്രമത്തിന്റെ ഫലം ആണ് ഇത്. ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ചത്  അദ്ദേഹത്തിന്റെ നാട്ടുകാരന്‍ ആയ നരേന്ദ്ര ദാമോദര്‍ ദാസ് മോദി ആണ് എന്നത് ഏറെ അഭിമാനകരമാണ്. 

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി കൊടുക്കാന്‍ ലോകരാഷ്ട്രങ്ങളുടെ പൂര്‍ണ പിന്തുണ ഭാരതത്തിനു ലഭിച്ചതു, ഭീകരവാദം അടിച്ചമര്‍ത്തുന്നതില്‍ ജാഗ്രത പുലര്‍ത്തുന്ന ഭാരത സേനയുടെ  ശക്തിയില്‍  അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് വിശ്വാസമുള്ളതുകൊണ്ടാണ്.  രാജ്യത്തിന്റെ അകത്തുനിന്ന്  ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ എതിര്‍ക്കാന്‍ ഓരോ ദേശസ്നേഹിയും മുന്‍പോട്ടു വരണം. വീര സൈനികരുടെ ജീവത്യാഗം വൃഥാവിലാവില്ല എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഊര്‍ജം പകരുന്നതാണ്. 

പാകിസ്ഥാന്റെ പണം പറ്റി ഭാരതത്തെ ഒറ്റുകൊടുക്കുന്ന രാജ്യദ്രോഹികളെ സഹായിക്കുന്ന  ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, ഇരിക്കുന്ന കൊമ്പ് മുറിക്കലാണ് ചെയ്യുന്നത്. ഇസ്ലാമിക ഭീകരവാദവും  കമ്മ്യൂണിസ്റ്റ് തീവ്രവാദവും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ ആണ്. 

കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശവിരുദ്ധ  സമീപനങ്ങളാണു കേരളത്തിലെ വടക്കന്‍ജില്ലകളില്‍നിന്ന്് ഐഎസ് ഭീകര സംഘടനകളിലേക്ക് മലയാളി യുവാക്കള്‍ എത്തിപ്പെടാന്‍ കാരണം. പുല്‍വാമയില്‍  ഭാരതത്തിനുണ്ടായ തീരാനഷ്ട്ടത്തിന് സൈന്യം ശക്തമായ മറുപടി കൊടുക്കുമെന്നതില്‍ തര്‍ക്കമില്ല. രാജ്യദ്രോഹികള്‍ക്കു ഉറക്കമില്ലാത്ത രാത്രികള്‍ ആവും വരാനിരിക്കുന്നത്.

നെഞ്ചില്‍ അഗ്നി എരിയുന്ന പ്രധാനസേവകന്റെ മണ്ണാണ് ഭാരതം. 

അഖില്‍ രവീന്ദ്രന്‍, 

യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.