മോദി സര്‍ക്കാരിന്റെ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി കൃഷി ഓഫീസുകളില്‍ വന്‍ തിരക്ക്: ജില്ലയില്‍ ആയിരങ്ങള്‍ അപേക്ഷ നല്‍കി

Wednesday 20 February 2019 10:26 pm IST

 

കണ്ണൂര്‍: കേന്ദ്രത്തിലെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനായി കൃഷി ഓഫീസുകളില്‍ വന്‍ തിരക്ക്. മണിക്കൂറുകളോളം വരിയില്‍ നിന്നശേഷമാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. 20നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന നിര്‍ദേശമാണ് കര്‍ഷകരെ കുഴക്കിയത്. 

കഴിഞ്ഞ 16ന് രാത്രിയാണ് കൃഷി ഓഫീസര്‍മാര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അപേക്ഷ സ്വീകരിക്കാനുള്ള നിര്‍ദേശം ലഭിച്ചത്. ഇതിനായി കൃഷിഭവനുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അപേക്ഷ സ്വീകരിക്കുന്ന കാര്യം അധികമാരും അറിയാത്തതിനാല്‍ ഞായറാഴ്ച തിരക്ക് കുറവായിരുന്നു. തിങ്കളാഴ്ച ഹര്‍ത്താലായതിനാല്‍ ചൊവ്വാഴ്ച ജനങ്ങള്‍ കൃഷിഭവനുകളില്‍ കൂട്ടമായെത്തിയതോടെ ഉദ്യോഗസ്ഥരും വലഞ്ഞു. ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഉച്ചയ്ക്കു ശേഷം എത്തിയവര്‍ക്ക് അടുത്തദിവസത്തേക്ക് ടോക്കണ്‍ നല്‍കി പറഞ്ഞയയ്ക്കുകയാണ് ചെയ്തത്. 20 വരെ അപേക്ഷ നല്‍കാമെന്നായിരുന്നു ആദ്യം നല്‍കിയ അറിയിപ്പ്. ഇതാണ് ചൊവ്വാഴ്ച തിരക്കനുഭവപ്പെടാന്‍ കാരണമാക്കിയത്. എന്നാല്‍ അപേക്ഷത്തീയതി 28 വരെ നീട്ടിയിട്ടുണ്ട്. കൃഷിഭവനുകളിലെ ജീവനക്കാരുടെ കുറവും അപേക്ഷകള്‍ സ്വീകരിക്കുന്നത് വൈകിച്ചു. 

അപേക്ഷകള്‍ സ്വീകരിക്കുന്ന തിരക്കായതോടെ കൃഷിഭവനുകളുടെ മറ്റു പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു. രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് പദ്ധതിയില്‍ അപേക്ഷിക്കാനാവുക. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം 201819 വര്‍ഷത്തെ നികുതിരസീത്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഐഎഫ്എസ് കോഡുള്ള ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം. 

അപേക്ഷ പൂരിപ്പിച്ചു നല്‍കുന്നതിനായി ബിജെപി കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡസ്‌ക് തുടങ്ങിയിട്ടുണ്ട്. പ്രസിഡന്റ് പി.ജി.സന്തോഷ്, സുജിത്ത് അമ്പാടി, ആദര്‍ശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അവസാനദിവസം വരെ ഹെല്‍പ്പ് ഡസ്‌കിന്റെ സേവനം ലഭ്യമാണ്. 

ജില്ലയിലെ വിവിധ കൃഷി ഭവനുകളിലായി ആയിരക്കണക്കിന് കര്‍ഷകരാണ് കഴിഞ്ഞ രാണ്ട് ദിവസത്തിനുളളില്‍ അപേക്ഷ നല്‍കാനെത്തിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.