സ്‌കൂളുകളില്‍ റൂഫ്‌ടോപ്പ് സോളാര്‍ പവര്‍ പദ്ധതി ഉദ്ഘാടനം ഇന്ന്

Wednesday 20 February 2019 10:27 pm IST

 

കണ്ണൂര്‍: അടുത്ത വര്‍ഷത്തോടെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ഘടക സ്ഥാപനങ്ങളും ജില്ലാ പഞ്ചായത്തും സോളാര്‍ പദ്ധതിയുടെ ഭാഗമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചു. വിദ്യാലയങ്ങളടക്കം 150 ല്‍ അധികം സ്ഥാപനങ്ങളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നത് വഴി സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കുകയും അധികമായി വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് കൈമാറി വരുമാനമുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

 ക്ലാസുകള്‍ ഹൈടെക് ആയതോടെ സ്‌കൂളുകള്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് വൈദ്യുത ചാര്‍ജ്ജ് വര്‍ധന. ഇതിന് പരിഹാരം കാണാന്‍ പദ്ധതിയിലൂടെ സാധിക്കും. 29 വിദ്യാലയങ്ങളിലും ഘടക സ്ഥാപനങ്ങളിലുമാണ് ഇതിനോടകം സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. 2016- 17 വര്‍ഷം 5.59 കോടിയും 2017-18 ല്‍ 2.74 കോടി രൂപയും 2018-19 വര്‍ഷം രണ്ട് കോടി രൂപയുമാണ് പദ്ധതിക്കായി കെഎസ്ഇബിക്ക് കൈമാറിയിരിക്കുന്നത്. കൂടാതെ 2019-20 വര്‍ഷം ബാക്കിയുള്ള ഘടക സ്ഥാപനങ്ങളില്‍ കെഎസ്ഇബി മുഖേനെ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് 69.62 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രവൃത്തി പൂര്‍ത്തീകരിച്ച സ്‌കൂളുകളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് എടയന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  ഇ.പി.ജയരാജന്‍ നിര്‍വഹിക്കും. ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുത്ത 29 സ്‌കൂളുകളിലാണ് ഇതിനോടകം പദ്ധതി പൂര്‍ത്തീകരിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.