അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന് നാളെ കല്ല്യാട്ട് ശിലയിടും

Wednesday 20 February 2019 10:30 pm IST

 

കണ്ണൂര്‍: രാജ്യത്തിലെ തന്നെ ആദ്യത്തെ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന് നാളെ വൈകീട്ട് അഞ്ചിന് കല്യാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും.

ആയുര്‍വേദത്തിന്റെ സമഗ്ര വികസനത്തിനും അമൂല്യമായ ഔഷധ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുമാണ് 311 ഏക്കറില്‍ ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പിആര്‍ഡി ചേംബറില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ സമന്വയിപ്പിച്ചുകൊണ്ടുള്ള ക്ലിനിക്കല്‍ റിസര്‍ച്ച്, അന്താരാഷ്്രട നിലവാരത്തിലുള്ള ആശുപത്രി എന്നിവ ഗവേഷണ കേന്ദ്രത്തിലുണ്ടാവും. ജീവിത ശൈലീ രോഗങ്ങള്‍, വാര്‍ധക്യകാല രോഗ ചികിത്സ എന്നിവയില്‍ ഗവേഷണ പരിപാടികള്‍ ആരംഭിക്കും. വൈദ്യശാസ്ത്ര അറിവുകളാല്‍ അമൂല്യമായ താളിയോലകളും കൈയെഴുത്തു പ്രതികളും സംരക്ഷിക്കും. ആയുര്‍വേദ ജ്ഞാനങ്ങളും ലോകത്തിലെ വിവിധ പാരമ്പര്യ ചികിത്സാ രീതികളും പ്രദര്‍ശിപ്പിക്കുന്ന അന്താരാഷ്ട്ര മ്യുസിയം ഇതിന്റെ ഭാഗമായി നിലവില്‍ വരും.

കേരളീയ ശില്‍പശൈലിയില്‍ പ്രകൃതി സൗഹൃദമായാണ് ഗവേഷണ കേന്ദ്രം നിര്‍മ്മിക്കുക. അപൂര്‍വ ഇനം ഔഷധ സസ്യങ്ങളുടെ ഹെര്‍ബല്‍ ഗാര്‍ഡന്‍ ഉണ്ടാവും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കേവലം 15 കിലോ മീറ്റര്‍ അകലെയുള്ള ഇവിടേക്ക് ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ മുഖ്യാതിഥിയാവും. തുറമുഖ വകുപ്പ് മന്ത്രി രാമച്രന്ദന്‍ കടന്നപ്പള്ളി വിശിഷ്ടാതിഥിയാവും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി എന്നിവരും സംബന്ധിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.