ഇരട്ടക്കൊലപാതകം: കേസ് അട്ടിമറിക്കാന്‍ സിപിഎം നീക്കം

Thursday 21 February 2019 9:25 am IST

കണ്ണൂര്‍: കാസര്‍കോട് ഇരട്ട കൊലപാതക  കേസ് വഴി തിരിച്ച് വിടാന്‍ സിപിഎം ഉന്നതതല നീക്കം. പ്രാദേശിക തലത്തില്‍ ഏതാനും പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രം പ്രതികളാക്കി ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് നീക്കം. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയാതിരിക്കാനുള്ള ശ്രമവും കൊല നടന്ന സമയം മുതല്‍ പാര്‍ട്ടിതലത്തിലും സര്‍ക്കാര്‍ തലത്തിലും നടക്കുന്നു. 

സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎമ്മുകാരനെ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് മോചിപ്പിച്ചു. അറസ്റ്റിലായ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി  അംഗം പീതാംബരന്റെയും കസ്റ്റഡിയിലുളള മറ്റു പ്രതികളുടേയും മൊഴിയെന്ന രൂപത്തില്‍ പുറത്തു വരുന്ന വാര്‍ത്തകളും  സിപിഎം കേസില്‍ ഇടപെടുന്നുവെന്നതിന്റ സൂചനയാണ് നല്‍കുന്നത്. കസ്റ്റഡിയിലെടുത്ത  സിപിഎമ്മുകാരനെ മോചിപ്പിച്ച് വിദഗ്ധമായ നിയമോപദേശവും മൊഴിയും പാര്‍ട്ടി നേതാക്കള്‍ നല്‍കിയ ശേഷം പുലര്‍ച്ചെ തിരികെ സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. പ്രതികള്‍ക്കായി ഒരു വീട്ടില്‍ പോലും പോലീസ് റെയ്ഡ് നടത്തിയിരുന്നില്ല. പാര്‍ട്ടി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഏഴു പാര്‍ട്ടിക്കാരെ  അവരുടെ സമ്മതത്തോടെ അറസ്റ്റ് ചെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു. 

റെയ്ഡ് നടത്താന്‍ പാടില്ലെന്ന നിര്‍ദേശം ഉന്നതങ്ങളില്‍ നിന്നും പോലീസിന് ലഭിച്ചതായ വാര്‍ത്തകളും പുറത്തു വന്നിട്ടുണ്ട്. ഇവരെല്ലാവരും ഒരേ തരത്തിലുളള മൊഴിയാണ് പോലീസിന് നല്‍കുന്നതെന്നുള്ള വാര്‍ത്തകള്‍ ഇത് ശരിവെയ്ക്കുന്നതാണ്. പാര്‍ട്ടി നേതൃത്വം അറിയാതെ തന്റെ ഭര്‍ത്താവ് കൊലപാതകത്തിന് പോകില്ലെന്ന  പീതാംബരന്റെ ഭാര്യയും മകളും നടത്തിയ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് ഇരട്ടക്കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നു. കഞ്ചാവ് ലഹരിയിലാണ് കൃത്യം നിര്‍വഹിച്ചതെന്നുള്ള മൊഴിയും, പോലീസുമായി കസ്റ്റഡിയിലുള്ള പ്രതികള്‍ സഹകരിക്കുന്നില്ലെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. 

പാര്‍ട്ടിയുടെ ആസൂത്രണത്തെ മറച്ചുവെയ്ക്കാനാണ് ഈ നടപടി. പാര്‍ട്ടിക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പാര്‍ട്ടിയുടെ നിരപരാധിത്തം വെളിപ്പെടുത്തുന്ന തരത്തിലുള്ള പീതംബരന്റെ മൊഴികളും പോലീസിന്റേതായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. 

കണ്ണൂരിലെ സിപിഎം ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന സംശയവും ആദ്യ ഘട്ടത്തില്‍ പോലീസ് സേനയ്ക്കുള്ളില്‍ത്തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട് പോകാത്തതിനു പിന്നിലും പാര്‍ട്ടി ഇടപെടലെന്നു വ്യക്തം. 

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനവും ചര്‍ച്ചയാവുന്നു

ആദ്യ ദിവസം കാണിച്ച സജീവത തുടര്‍ന്നുള്ള ദിവസങ്ങളില്‍  നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന ആരോപണം കോണ്‍ഗ്രസിലും ഉയര്‍ന്നിട്ടുണ്ട്. കേസിലെ യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാനോ കേസ് വഴി തിരിക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തിന് തടയിടാനോ നേതാക്കള്‍ ശ്രമിക്കുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്.

കാസര്‍കോട് ജില്ലയിലെ നാല് തദ്ദേശ സ്ഥാപനങ്ങളില്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് നടത്തുന്ന കൂട്ടുകക്ഷി ഭരണത്തിന്റെ ചുവട് പിടിച്ച് ജില്ലയിലെ ഇരുപാര്‍ട്ടി നേതാക്കളും കാത്തു സൂക്ഷിക്കുന്ന സൗഹൃദമാണ്  കോണ്‍ഗ്രസ് നേതൃത്വത്തെ പിന്തിരിപ്പിക്കുന്നതെന്ന ആരോപണം അണികള്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.