ചെന്നൈ: പ്രോ വോളി ലീഗില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ തകര്‍ത്ത് ആതിഥേയരായ ചെന്നൈ സ്പാര്‍ട്ടന്‍സ് ഫൈനലില്‍. ലീഗിലെ രണ്ടാം സെമിയില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ചെന്നൈയുടെ ജയം. ഫൈനലില്‍ ചെന്നൈയുടെ എതിരാളികള്‍ ശക്തരായ കാലിക്കറ്റ് ഹീറോസാണ്.
സ്കോര്‍: 16-14, 9-15, 10-15, 15-9, 15-13.
നേരത്തെ ഗ്രൂപ്പ് സ്റ്റേജില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം കൊച്ചിക്കൊപ്പമായിരുന്നു. എന്നാല്‍ സെമിയില്‍ നടന്നത് കടുത്ത പോരാട്ടം. ഒപ്പത്തിനൊപ്പം നീങ്ങിയ ആദ്യ സെറ്റ് കടുത്ത പോരാട്ടത്തിനൊടുവില്‍ ചെന്നൈ പിടിച്ചെടുത്തു. എന്നാല്‍ രണ്ടാം സെറ്റില്‍ കൊച്ചി നടത്തിയത് മിന്നുന്ന തിരിച്ചുവരവ്. എതിരാളികളെ ഏറെ പിന്നിലാക്കി കൊച്ചി മുന്നേറിയപ്പോള്‍ രണ്ടാം സെറ്റ് 15-9ന് കൊച്ചി സ്വന്തമാക്കി. മൂന്നാം സെറ്റും നിഷ്പ്രയാസം സ്വന്തമാക്കിയ കൊച്ചി മത്സരത്തില്‍ 2-1ന് പിടിമുറുക്കി.
അവസാന രണ്ട് സെറ്റില്‍ ചെന്നൈ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ കളി മാറി. നാലാം സെറ്റ് അനായാസം കൈയ്യിലാക്കിയ ചെന്നൈ അവസാന സെറ്റില്‍ ശക്തമായ പോരാട്ടം നടത്തിയ ശേഷമാണ് നിര്‍ണായകമായ അഞ്ചാം സെറ്റും മത്സരവും സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: