ഭീകാരാക്രമണത്തിന് പിന്നില്‍ പാക് സംഘമെന്ന് സമ്മതിച്ച് മുഷറഫ്

Thursday 21 February 2019 1:08 pm IST
പുല്‍വാമ ആക്രമണം ഭയപ്പെടുത്തുന്ന സംഭവമാണ്. എന്നാല്‍ പാകിസ്താന്‍ സര്‍ക്കാരിന് ഇതില്‍ ബന്ധമുണ്ട് എന്നതിന് തെളിവില്ല. ജയ്ഷെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹറിനോട് തനിക്ക് ദയയില്ല. തന്നെയും കൊല്ലാന്‍ നോക്കിയ വ്യക്തിയാണ് അസ്ഹര്‍ എന്നും മുഷറഫ് പറഞ്ഞു.

ഇസ്ലാമാബാദ്: കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനില്‍ നിന്നുള്ള സംഘം തന്നെയാണെന്ന് സമ്മതിച്ച് മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫ്. ഇന്ത്യ ടുഡെയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. എന്നാല്‍ പാകിസ്താന്‍ ഭരണകൂടത്തിന് സംഭവത്തില്‍ ബന്ധമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പുല്‍വാമയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 40 സിആര്‍പിഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ടത്. ഇതിനെതിരെ ലോകരാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സൗദി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിക്കെയാണ് മുഷറിന്റെ പ്രതികരണം.

പുല്‍വാമ ആക്രമണം ഭയപ്പെടുത്തുന്ന സംഭവമാണ്. എന്നാല്‍ പാകിസ്താന്‍ സര്‍ക്കാരിന് ഇതില്‍ ബന്ധമുണ്ട് എന്നതിന് തെളിവില്ല. ജയ്ഷെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹറിനോട് തനിക്ക് ദയയില്ല. തന്നെയും കൊല്ലാന്‍ നോക്കിയ വ്യക്തിയാണ് അസ്ഹര്‍ എന്നും മുഷറഫ് പറഞ്ഞു. ജയ്ഷെ മുഹമ്മദിനോട് ഇമ്രാന്‍ ഖാന് താല്‍പ്പര്യമുണ്ട് എന്ന് തനിക്ക് തോന്നുന്നില്ല. എല്ലാത്തിനും പാകിസ്താന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണ്. പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്താന്‍ അമേരിക്കയും ഫ്രാന്‍സും ഇന്ത്യയും ശ്രമിക്കുകയാണ്. പാകിസ്താനെ രണ്ടായി മുറിച്ചതില്‍ ഇന്ത്യയ്ക്ക് പങ്കില്ലേ എന്നും മുഷറഫ് ചോദിച്ചു. ഇതെല്ലാം അവസാനിപ്പിക്കണമെന്നും സംഭാഷണത്തിനിടെ മുഷറഫ് പറഞ്ഞു.

ഇന്ത്യ പറയുന്നത് പോലെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നിട്ടില്ല. എല്ലാം തെറ്റായ പ്രചാരണങ്ങളാണെന്നും മുഷറഫ് പറഞ്ഞു. അതേസമയം, ഇമ്രാന്‍ ഖാനെ കുറ്റപ്പെടുത്തിയാണ് പാക് മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രതികരിച്ചത്. ഇന്ത്യയുടെ ആരോപണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇമ്രാന്‍ ഖാന് പക്വതയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ ഇമ്രാന് അറിയില്ലെന്നും സര്‍ദാരി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.