18 ഹുറിയത്ത് നേതാക്കളുടേയും 155 രാഷ്ട്രീയക്കാരുടേയും സുരക്ഷ പിന്‍വലിച്ചു

Thursday 21 February 2019 1:41 pm IST

ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര് 18 ഹുറിയത്ത് നേതാക്കളുടെ കൂടി സുരക്ഷ പിന്‍വലിച്ചു. സംസ്ഥാനത്തെ അഞ്ച് വിഘടനവാദികള്‍ക്ക് നല്‍കിയിരുന്ന സുരക്ഷാ സംവിധാനങ്ങള്‍ ഞായറാഴ്ച പിന്‍വലിച്ചിരുന്നു. അതിനു പിന്നാലെയാണ് ഹുറിയത്ത് നേതാക്കളുടേയും സുരക്ഷ പിന്‍വലിക്കുന്നത്. 

ഈ നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷാ സംവിധാനങ്ങള്‍ പിന്‍വലിച്ച് സംസ്ഥാന ജനങ്ങളുടെ സുരക്ഷയ്ക്കായി വിനിയോഗിക്കാനാണ് സംസ്ഥാന ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. എസ്എഎസ് ഗിലാനി ഉള്‍പ്പടെ അഗ സെയ്ദ് മോസ്‌വി, മൗലവി അബ്ബാസ് അന്‍സാരി, യാസിന്‍ മാലിക്, സലീം ഗിലാനി, ഷാഹിദ് ഉള്‍ ഇസ്ലാം, സഫര്‍ അക്ബര്‍ ഭട്ട്, നയീം അഹമ്മദ് ഖാന്‍, മുഖ്താര്‍ അഹ്മ്മദ് വാസ, ഫറൂഖ് അഹമ്മദ് കിച്‌ലൂ, മസ്രൂര്‍ അബ്ബാസ് അന്‍സാരി, അഗ സെയ്ദ് അബ്ദുള്‍ ഹുസ്സൈയ്ന്‍, അബ്ദുള്‍ ഗാനി ഷാ, മോഹ്ദ് മുസാദിഖ് ഭട്ട് എന്നിവരുടെയാണ് സുരക്ഷ പിന്‍വലിച്ചിരിക്കുന്നത്. 

ഇതോടൊപ്പം 155 രാഷ്ട്രീയ പ്രവര്‍ത്തകരുടേയും സുരക്ഷ ഭരണകൂടം പിന്‍വലിച്ചിട്ടുണ്ട്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഷാ ഫസല്‍, പിഡിപി നേതാക്കളായ പരേ എന്നീ നേതാക്കളും സുരക്ഷ പിന്‍വലിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. ഈ നടപടിയോടെ 1000 പോലീസ് ഉദ്യോഗസ്ഥരും 100 വാഹനങ്ങളുമാണ് സംസ്ഥാന പോലീസിന് സുരക്ഷ സംവിധാനങ്ങള്‍ക്ക് വിനിയോഗിക്കാനായി ലഭിക്കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.