മതാധ്യാപനത്തില്‍ നിന്ന് സിസ്റ്റര്‍ ലൂസി ഒഴിവാകുന്നു

Thursday 21 February 2019 3:07 pm IST

കൊച്ചി: ഫ്രാങ്കോയ്‌ക്കെതിരേയുള്ള സമരത്തില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം നിന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ മതാധ്യാപനത്തില്‍ നിന്ന് ഒഴിവാകാന്‍ ഒരുങ്ങുന്നു. മതാധ്യാപനത്തില്‍നിന്ന് തല്‍ക്കാലം അവധിയില്‍ പ്രവേശിക്കുകയാണെന്ന് ഫാ. സ്റ്റീഫന് അയച്ച് വാട്‌സ്ആപ്പ് സന്ദേശത്തില്‍ സിസ്റ്റര്‍ വ്യക്തമാക്കി. പത്താം ക്ലാസിലെ മതപഠന പുസ്തകം പഠിപ്പിച്ചു തീര്‍ത്തതുകൊണ്ട് അവധിയില്‍ പ്രവേശിക്കുകയാണെന്നും ഇതുവരെ സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍, ഔദ്യോഗികമായി കത്ത് നല്‍കിയിട്ടില്ല.

കാരയ്ക്കാമല സെന്റ് മേരീസ് പള്ളിയിലെ മതാധ്യാപികയാണ് സിസ്റ്റര്‍ ലൂസി. പല തവണയായി ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ ചിറായിലിന്റെ ഭാഗത്തു നിന്നുള്ള പെരുമാറ്റം തന്നെ മാനസികമായി തളര്‍ത്തിയെന്നും കുട്ടികളുടെ മുന്നില്‍ വച്ച് നിരവധി തവണ തന്നെ അധിക്ഷേപിച്ചെന്നും സിസ്റ്റര്‍ ജന്മഭൂമിയോട് പറഞ്ഞു. ഔദ്യോഗികമായി കത്ത് നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കാന്‍ ശക്തമായ നീക്കങ്ങള്‍ നടന്നിരുന്നു. സിസ്റ്റര്‍ സാത്താന്‍ സേവയുടെ പ്രചാരകയെന്നാണ് പുതിയ മുദ്രകുത്തല്‍. നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തന്നോട് സംസാരിച്ചാല്‍ ആ കുട്ടികളെ വിലക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇത് താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു. താമസിക്കുന്ന മഠത്തിലെ ചില സിസ്റ്റര്‍മാര്‍ തന്നോടു സംസാരിക്കുകയോ മുഖത്തുപോലും നോക്കുകയോ ചെയ്യാറില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. 

ലൂസി ഉള്‍പ്പെടുന്ന എഫ്‌സിസി സന്യാസിനി സമൂഹത്തിലെ അംഗങ്ങള്‍ക്കു ചില ചാനലുകള്‍ കാണുന്നതിനു വിലക്കേര്‍പ്പെടുത്തിയതായി സൂചനയുണ്ട്. വാക്കാലുള്ള നിര്‍ദേശമാണ് നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.