തിരുവനന്തപുരം: നവമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുകയും അസഭ്യമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തവര്‍ക്കെതിരെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡിജിപി ലോക്നാഥ് ബഹറയ്ക്ക് പരാതി നല്കി.
ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന് വസന്തകുമാറിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കവെ മൃതദേഹത്തിനരികില്‍ നില്ക്കുന്ന കണ്ണന്താനത്തിന്റെ ചിത്രം ആരോ പകര്‍ത്തുകയും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ഓഫീസില്‍ അയച്ചുകൊടുക്കുകയും ചെയ്തു. മന്ത്രിയുടെ മീഡിയ സെക്രട്ടറി ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് നവമാധ്യമങ്ങളില്‍ ചിലനിക്ഷിപ്ത താത്പര്യക്കാര്‍ അത് സെല്‍ഫിയാണെന്നുള്ള പ്രചാരണം നടത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ മന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്തു.
കേന്ദ്ര മന്ത്രിയെന്ന നിലയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയാണെന്നും രാജ്യത്തിന് വേണ്ടി ജീവന് ബലിനല്‍കിയ ജവാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയ തന്നെക്കുറിച്ച് വ്യാജ വാര്‍ത്ത സൃഷ്ടിച്ച് പ്രചാരണം നടത്തിയത് അധാര്‍മികവും നിയമവിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡിജിപിക്ക് നല്കിയ പരാതിയില്‍ മന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: