പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സംസ്ഥാനം അട്ടിമറിക്കുന്നു

Friday 22 February 2019 4:17 am IST

കോട്ടയം: കര്‍ഷകരുടെ അക്കൗണ്ടിലേക്ക് വര്‍ഷത്തില്‍ 6,000 രൂപ നേരിട്ട് നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ കിസാന്‍ മോര്‍ച്ച പ്രക്ഷോഭത്തിലേക്ക്. പദ്ധതി നടത്തിപ്പില്‍ അനാവശ്യ തടസങ്ങള്‍ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ കര്‍ഷകരോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്നും മാര്‍ച്ച് ആദ്യവാരം പ്രക്ഷോഭം നടത്തുമെന്നും കിസാന്‍മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്. ജയസൂര്യന്‍ പറഞ്ഞു.

അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായ സമയവും ആധുനിക അതിവേഗ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കണം. കുറഞ്ഞ ഭൂപരിധി ഇല്ലെന്നിരിക്കെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ തടസവാദങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണം. പട്ടയമില്ലാത്ത ഭൂമിയിലെ കൃഷിക്കാര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇടുക്കി ജില്ലയില്‍ മാത്രം ഒരു മാസത്തിനിടെ അഞ്ച് കര്‍ഷക ആത്മഹത്യകളാണുണ്ടായത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇത് മൂടിവയ്ക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രപദ്ധതികളും പണവും നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരാണ് ഈ ആത്മഹത്യകള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

റബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനവും ഫീല്‍ഡ് ഓഫീസുകളും അടച്ച് പൂട്ടാന്‍ പോവുകയാണെന്ന പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കിസാന്‍മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി. നാരായണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.