ബത്തേരി: മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. 37 ലക്ഷം രൂപ പിടികൂടി. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് ലോറിയില്‍ കടത്താന്‍ ശ്രമിച്ച രൂപയാണ് എക്സൈസ് ചെക്പോസ്റ്റില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ശരത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലര്‍െച്ച നടത്തിയ വാഹനപരിശോധനയില്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കുന്ദമംഗലം പടന്നിലം സ്വദേശികളായ മുഹമ്മദ് നവാസ്, മുഹമ്മദ് ഷിക്കില് എന്നിവരെ അറസ്റ്റ് ചെയ്തു.
കുഴല്‍പ്പണം കടത്തിയ കെഎല്‍ 58 ഇ 9023 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള ലെയ്ലാന്‍ഡ് ലോറിയും കസ്റ്റഡിയിലെടുത്തു. ലോറി െ്രെഡവറുടെ കാബിന് മുകളിലുള്ള കാരിയറില്‍ ടാര്‍പ്പായക്കുള്ളില്‍ കാര്‍ബോഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. മുത്തങ്ങ ചെക്പോസ്റ്റില്‍ ഒരുമാസത്തിനകം നടക്കുന്ന രണ്ടാമത്തെ കുഴല്‍പ്പണവേട്ടയാണിത്.
ഇക്കഴിഞ്ഞ 12ന് പത്തൊമ്പത് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയിരുന്നു. വാഹന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഇ.വി. ഏലിയാസ്, വി. അബ്ദുള്‍ സലീം, എ.സി. പ്രജീഷ്, സി.കെ. രഞ്ജിത് എന്നിവരും പങ്കെടുത്തു. പ്രതികളേയും കുഴല്‍പ്പണവും ബത്തേരി പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: