സൗദിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലുലു

Friday 22 February 2019 3:43 am IST

ന്യൂദല്‍ഹി: സൗദി റീട്ടെയില്‍ മേഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ്പ് തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ സൗദി ബിസിനസ് ഫോറത്തില്‍വെച്ചാണ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.

സൗദിയിലെ റീട്ടെയില്‍ മേഖലയില്‍ ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെപ്പറ്റിയും, നിക്ഷേപങ്ങളെപ്പറ്റിയുമുള്ള വിശദാംശങ്ങള്‍ യൂസഫലി ഫോറത്തില്‍ വിശദീകരിച്ചു. സൗദിയിലെ വാണിജ്യമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുവാന്‍ ഗ്രൂപ്പ് ഉദ്ദേശിക്കുന്നുവെന്ന് യൂസഫലി അറിയിച്ചു. സൗദിയില്‍ ഇതിനകം 15 ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള ലുലു 2020 ആകുമ്പോഴേക്കും 20 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍കൂടി ആരംഭിക്കും.  100 കോടി റിയാല്‍ നിക്ഷേപത്തിലായിരിക്കും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്. ഇതിനകം നിക്ഷേപിച്ച 100 കോടി റിയാലിന് പുറമേയാണിത്.  

2020 ആകുമ്പോള്‍ ലുലുവിന്റെ സൗദിയിലെ ആകെ മുതല്‍മുടക്ക് രണ്ടു ബില്യണ്‍ റിയാലാകും (200 കോടി റിയാല്‍). ഇത് കൂടാതെ കിംഗ് അബ്ദുള്ള എക്കണോമിക് സിറ്റിയില്‍ 200 മില്യണ്‍ സൗദി റിയാലില്‍ നിക്ഷേപത്തില്‍ അത്യാധുനിക രീതിയിലുള്ള ലോജിസ്റ്റിക് സെന്റര്‍ ആരംഭിക്കുവാനും ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. സൗദിയിലെ റീട്ടെയില്‍ മേഖലയില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാക്കാനും ഭക്ഷ്യസുരക്ഷ പ്രദാനം ചെയ്യാനും ഇത് ഉപകരിക്കും. സൗദിവത്കരണത്തിന്റെ ഭാഗമായി ആകെയുള്ള ജീവനക്കാരുടെ 40 ശതമാനവും സൗദികളാണ് ലുലുവില്‍ ജോലി ചെയ്യുന്നതെന്നും യൂസഫലി അറിയിച്ചു. 2020ല്‍ ലുലുവിലെ സൗദി സ്വദേശികളുടെ എണ്ണം 5000 കടക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ലോകത്തിലെ ഏറ്റവുംവലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോയുടെ  15 സുപ്പര്‍മാര്‍ക്കറ്റുകളുടെ ചുമതല ലുലുവാണ് ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ  സൗദി ദേശീയ സുരക്ഷാവിഭാഗമായ നാഷണല്‍ ഗാര്‍ഡിന്റെ ക്യാമ്പുകളില്‍ ഷോപ്പിംഗ് സെന്ററുകളും സൂപ്പര്‍മാര്‍ക്കറ്റുകളും നടത്തിപ്പിന്റെ ചുമതലയും ലുലുവിനാണ്.സൗദി കിരീടാവകാശിയുടെ ബഹുമാനാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഔദേ്യാഗിക വസതിയായ ഹൈദരാബാദ് ഹൗസില്‍ ഒരുക്കിയ ഉച്ചവിരുന്നിലും യൂസഫലി പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.