വാഹന ഇടപാട്: ഇടനിലക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തില്‍ കേസെടുത്തു

Thursday 21 February 2019 9:28 pm IST

 

പയ്യന്നൂര്‍: വാഹന ബ്രോക്കറില്‍ നിന്നും രണ്ടു ലക്ഷം രൂപ നല്‍കി ലീസിന് വാങ്ങിയ കാര്‍ ഫിനാന്‍സ് കമ്പനി കൊണ്ടുപോയതിനെ തുടര്‍ന്ന് ഇടനിലക്കാരനായ യുവാവിനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ഒരു ദിവസം മുഴുവന്‍ തടങ്കലില്‍ വെച്ച് അക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം മണിയംപാറയിലെ പ്രദീപന്റെ മകന്‍ കെ.എം.സൗരവി (21) ന്റെ പരാതിയില്‍ എട്ടിക്കുളത്തെ ശിഹാബ്, സിറാജ്, സിയാദ് എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. എട്ടിക്കുളത്തെ ശിഹാബ് വാഹന ബ്രോക്കറായ ശ്രീകണ്ഠപുരത്തെ രാഹുലിന്റെ കൈയ്യില്‍ നിന്ന് രണ്ടു ലക്ഷം രൂപ നല്‍കി കാര്‍ ലീസിന് വാങ്ങിയിരുന്നു. എന്നാല്‍ ഈ കാര്‍ പിന്നീട് ഫിനാന്‍സ് കമ്പനിക്കാര്‍ ശിഹാബിന്റെ കൈയ്യില്‍ നിന്നും എടുത്തു കൊണ്ടുപോയി. ഇതിനിടയില്‍ വാഹന ബ്രോക്കറായ രാഹുല്‍ ഒരു കേസുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരം പോലീസിന്റെ പിടിയിലാവുകയും ജയിലിലാവുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പണം തിരിച്ചു കിട്ടാന്‍ അന്ന് കാര്‍ ലീസിന് വാങ്ങുമ്പോള്‍ ഇടനിലക്കാരനായി നിന്ന സൗരവിനെ ശിഹാബ് ബന്ധപ്പെട്ടത്. 

 സൗരവിനെ കരിവെള്ളൂര്‍ പാലക്കുന്നിലേക്ക് വിളിച്ചു വരുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തുവത്രേ. എന്നാല്‍ തനിക്കിതില്‍ പങ്കില്ലെന്ന് സൗരവ് വ്യക്തമാക്കിയപ്പോഴാണ് ബലമായി വാഹനത്തില്‍ പിടിച്ചു കയറ്റി രാമന്തളി കക്കംപാറയിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി അക്രമിക്കുകയും പിറ്റേന്ന് കാലത്ത് അവിടെ നിന്ന് കാറില്‍ രാമന്തളി വലിയ കടപ്പുറത്ത് എത്തിച്ചും അക്രമത്തിന് വിധേയനാക്കുകയും ചെയ്തത്. ഇതിനിടയില്‍ ബന്ധുക്കളെ വിളിച്ച് ഉടന്‍ പണം എത്തിക്കണമെന്ന് ഫോണ്‍ കൊടുത്ത് സൗരവിനോട് വിളിക്കാന്‍ പറയുകയും സംഭവമറിഞ്ഞ വീട്ടുകാര്‍ ഉടന്‍ പയ്യന്നൂര്‍ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ സൗരവിനെ ഉപേക്ഷിച്ച് സംഘം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് പിന്തുടരുന്നത് കണ്ടപ്പോള്‍ കാര്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.