സിബിഐ അന്വേഷണം ഭയന്ന് സിപിഎം; നിഷ്‌ക്രിയരായി കോണ്‍ഗ്രസ് നേതൃത്വം കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാനുളള സിപിഎം ശ്രമങ്ങള്‍ പാളുന്നു

Thursday 21 February 2019 9:29 pm IST

 

കണ്ണൂര്‍: കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാനുളള സിപിഎം നേതൃത്വത്തിന്റെ ശ്രമങ്ങള്‍ ഒന്നൊന്നായി പാളുന്നു. ഏറ്റവും ഒടുവില്‍ സിപിഎം മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിരാമന്‍ അടക്കമുളളവര്‍ വീട്ടിലെത്തി പണവും നിയമ സഹായവും പീതാംബരന്റെ കുടുംബാംഗങ്ങള്‍ക്ക് രഹസ്യമായി വാഗ്ദാനം ചെയ്ത സംഭവം പുറത്തുവന്നത് സിപിഎം നേതൃത്വത്തിന് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ പാര്‍ട്ടിക്ക് കൊലപാതകത്തില്‍ നിന്നും തലയൂരി മുഖം രക്ഷിക്കാനുളള നീക്കമാണ് പീതാംബരനുമേല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ പാര്‍ട്ടി അടിച്ചേല്‍പ്പിക്കാന്‍ കാരണമെന്നും മറ്റും പീതാംബരന്റെ ഭാര്യയും മകളും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് മുന്‍ എംഎല്‍എയുടെ നേതൃത്വത്തിലുളള സിപിഎം സംഘം വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയത്. കൊലപാതക കൃത്യം നടന്നത് മുതല്‍, പാര്‍ട്ടി അറിഞ്ഞുകൊണ്ടല്ല കൊലനടത്തിയതെന്ന് സംസ്ഥാന നേതാക്കളും മുഖ്യമന്ത്രിയുമടക്കം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയംഗം ആദ്യ ഘട്ടത്തില്‍ത്തന്നെ അറസ്റ്റിലായതോടെ പാര്‍ട്ടിക്ക് പങ്കില്ലെന്ന കളളം പൊളിഞ്ഞു. കേസന്വേഷണം കൊലപാതകം ആസൂത്രണം ചെയ്തവരിലും കൊല നടത്തിയവരായ പാര്‍ട്ടി ക്വട്ടേഷന്‍ സംഘത്തിലും ഏത്താതിരിക്കാനുളള സകല അടവും സിപിഎം പ്രയോഗിക്കുകയാണ്. അറസ്റ്റിലായതും കസ്റ്റഡിയിലുള്ളവരുമായ പ്രതികളെല്ലാം ചോദ്യം ചെയ്യലില്‍ ഒരേ രീതിയില്‍ പ്രതികരിക്കുന്നതില്‍ നിന്നും പാര്‍ട്ടി ഇവര്‍ക്ക് നിയമസഹായം നല്‍കിയെന്ന് ബോധ്യപ്പെട്ടിരുന്നു. കഞ്ചാവ് ലഹരിയില്‍ പീതാംബരന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന മൊഴിയും കേസ് വഴിതിരിക്കുന്നതിന്റെ ഭാഗമായി പുറത്തു വന്നിരുന്നു. എന്നാലിത് ആസൂത്രിതമായി പോലീസും പാര്‍ട്ടി നേതൃത്വവും കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു.

അതേസമയം ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ പറഞ്ഞു. കൊലക്കു പിന്നില്‍ കൂടുതല്‍ പേരുണ്ട്. കൊലപാതകം നടത്തിയത് പുറത്തുനിന്നുള്ളവരാണെന്നാണ് കുടുംബാംഗങ്ങളുടെ പരാതി. കുടുംബാംഗങ്ങളുടെ ഈ ആവശ്യം പാര്‍ട്ടി സംസ്ഥാന-ജില്ലാ നേതൃത്വങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ഇതിന്റെ തെളിവാണ് ഇന്നലെ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറി കോടിയേരി നടത്തിയ പ്രസ്താവന. എന്നാല്‍ കേരള പോലീസിനെ പിരിച്ചുവിടുന്നതല്ലേ നല്ലതെന്ന് ദേഷ്യത്തോടു കൂടിയാണ് കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചത്. സിബിഐ അന്വേഷണം തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇരട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന് സംഭവത്തില്‍ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവിന്റെ ആരോപണവും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തത് എംഎല്‍എയുടെ അറിവോടെയാണ്. പാര്‍ട്ടി നിര്‍ദേശ പ്രകാരം പീതാംബരന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നു. സിപിഎം ഏരിയ, ലോക്കല്‍ കമ്മറ്റി തലത്തില്‍ മാസങ്ങള്‍ക്ക് മുമ്പു തന്നെ ഗൂഢാലോചന നടന്നു. കൊലപാതകം നടക്കുമെന്ന് പാര്‍ട്ടി അനുഭാവികള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. കണ്ണൂരിലെ സിപിഎം ക്രിമിനലുകളുമായി പീതാംബരന് അടുത്ത ബന്ധമുണ്ടെന്നും സത്യനാരായണന്‍ ആരോപിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന നീക്കങ്ങളെ വേണ്ട രിതിയില്‍ ചെറുക്കാന്‍ തയ്യാറാവാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും ശക്തമായ പ്രതിഷേധമുണ്ട്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.