പ്രളയദുരന്തം:സേവാഭാരതി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം നാളെ

Thursday 21 February 2019 9:30 pm IST

 

ഇരിട്ടി: പ്രളയത്തില്‍ ഇരിട്ടി മേഖലയില്‍ പൂര്‍ണ്ണമായും തകര്‍ന്ന ഏഴ് വീടുകളില്‍ സേവാഭാരതി നിര്‍മ്മിച്ച് നല്‍കുന്ന 6 വീടുകളില്‍ മൂന്നെണ്ണത്തിന്റെ താക്കോല്‍ ദാനകര്‍മ്മം നാളെ സുരേഷ്‌ഗോപി എംപി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇരിട്ടി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി എം.സി.ഷാജകുമാര്‍, രാഷ്ട്രീയ സ്വയംസേവകസംഘം പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി, ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. 

 പ്രളയ ബാധിതര്‍ക്ക് ദേശീയ സേവാഭാരതിയുടെ ഭാഗമായ സംസ്ഥാന സേവാഭാരതി 'തലചായ്ക്കാനൊരിടം' പദ്ധതിയിലൂടെ 1400 വീടുകളാണ് നിര്‍മ്മിച്ച് നല്‍കുന്നത്. ഇതില്‍ 464 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നിര്‍വ്വഹിച്ചു കഴിഞ്ഞു. കണ്ണൂര്‍ ജില്ലാ സേവാഭാരതി ഇരിട്ടി മേഖലയില്‍ പൂര്‍ണ്ണമായും തകര്‍ന്ന 7 വീടുകളില്‍ 6 എണ്ണമാണ് നിര്‍മ്മിച്ച് നല്‍കുന്നത്. ഇതില്‍ കരിക്കോട്ടക്കരിയിലെ ഒറ്റപ്പിനാല്‍ മോഹനന്‍, തടത്തില്‍ ബാബു, വാണിയപ്പാറ തെക്കുംപുറത്ത് കൃഷ്ണന്‍കുട്ടി എന്നിവരുടെ വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. ഒറ്റപ്പിനാല്‍ മോഹനനന്റെ വീട് നിര്‍മ്മാണത്തിന്റെ കുറ്റിയടിക്കല്‍കര്‍മ്മം 5 മാസം മുന്‍പ് സുരേഷ് ഗോപി എംപി ആയിരുന്നു നിര്‍വഹിച്ചത്. നാട്ടുകാരും ദൃശ്യ മാദ്ധ്യമപ്രവര്‍ത്തകരും വീട്ടുകാരും മറ്റും നോക്കിനില്‍ക്കേ ഒറ്റപ്പിനാല്‍ മോഹനന്റെ ഇരുനില വീട് പ്രളയത്തില്‍ തകര്‍ന്നുവീഴുന്നത് ലോകം മുഴുവന്‍ ദൃശ്യമാദ്ധ്യമങ്ങളിലൂടെ വേദനയോടെ കണ്ടിരുന്നു. 

എടക്കാനത്തെ മഠത്തിനകത്ത് ബേബി, ഇരിട്ടി നരിക്കുണ്ടത്തിലെ നാലുപുരക്കല്‍ പത്മിനി, പേരട്ടയിലെ കല്ലന്‍ ലീല എന്നിവരുടെ വീടുകളുടെ നിര്‍മ്മാണപ്രവര്‍ത്തി പുരോഗമിച്ചു വരുന്നതായും ബിജെപി മണ്ഡലം ജനറല്‍ സിക്രട്ടറി എം.ആര്‍.സുരേഷ്, സത്യന്‍ കൊമ്മേരി, സേവാഭാരതി ഇരിട്ടി താലൂക്ക് കോ-ഓഡിനേറ്റര്‍ ടി.എസ്.പ്രദീപ്, ആര്‍എസ്എസ് ഇരിട്ടി താലൂക്ക് കാര്യവാഹ് പി.പി.ഷാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.