മാധ്യമങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അപ്രഖ്യാപിത വിലക്ക് ഹൈക്കോടതി ഉത്തരവുമായെത്തിയ രജിസ്ട്രാര്‍ മൂന്നാം ദിവസവും പുറത്ത് വിസിയുടെ നടപടിയില്‍ പ്രതിഷേധം

Thursday 21 February 2019 9:36 pm IST

 

കണ്ണൂര്‍: സസ്‌പെന്‍ഷന്‍ നടപടി ഹൈക്കോടതി റദ്ദ് ചെയ്തിട്ടും മൂന്നാം നാളും കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത് ഓഫീസിന് പുറത്തു തന്നെ. അദ്ദേഹത്തിന് ഇതുവരെ ജോലിയില്‍ പ്രവേശിക്കാനായില്ല. ഇന്നലെ രാവിലെ കണ്ണൂര്‍ സര്‍വകലാശാലയില്‍ ബാലചന്ദ്രന്‍  എത്തിയെങ്കിലും ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു. കോടതി വിധി വന്നതിന് ശേഷം കഴിഞ്ഞ രണ്ട് ദിവസം റജിസ്ടാര്‍ ഉത്തരവുമായി എത്തിയിരുന്നെങ്കിലും വിസിയോ പ്രോ.വൈസ് ചാന്‍സിലറോ സര്‍വകലാശാലയിലുണ്ടായിരുന്നില്ല. അതേ സമയം ഇന്നലെ വൈസ്. ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ സര്‍വകലാശാലയില്‍ ഉണ്ടായിരുന്നു. സസ്‌പെന്റ് ചെയ്ത നടപടി ഹൈക്കോടതി റദ്ദ് ചെയ്തതിനെതിരെ സര്‍വകലാശാല ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിട്ടുണ്ടെന്നും ആ വിധി വരുന്നതുവരെ രജിസ്ട്രാറെ ജോലിയില്‍ പ്രവേശിപ്പിക്കാനാവില്ലെന്നുമുളള നിലപാട് പ്രോ.വി.സി.ഡോ.പി.ടി.രവീന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. രജിസ്ട്രാറെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാത്ത വിസിയുടെ നിലപാടിനെതിരെ യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ സംഘടനയായ കെപിസിടിഎ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന് പരാതി നല്‍കിയിട്ടുണ്ട്. കോടതിയലക്ഷ്യമാണ് നടക്കുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം 5മണിവരേയും റജിസ്ട്രാര്‍ ഓഫിസിനു പുറത്ത് ഇരിക്കുകയായിരുന്നു.

സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറുടെ ഓഫിസിനു മുന്നില്‍ ജനുവരി 15ന് ഒരുവിഭാഗം ജീവനക്കാര്‍ ധര്‍ണ നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്തവരുടെ പേരുവിവരങ്ങള്‍ നല്‍കാന്‍ വിസി ആവശ്യപ്പെട്ടത് കൊടുക്കാന്‍ വൈകി എന്ന കാരണം പറഞ്ഞാണ് സിന്‍ഡിക്കേറ്റിന്റെ നിര്‍ദ്ദേശപ്രകാരം റജിസ്ടാറെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. കോടതി ഉത്തരവും അപേക്ഷയും 19 ന് റജിസ്ട്രാര്‍ ഇമെയില്‍ വഴി വൈസ് ചാന്‍സിലര്‍ക്ക് നല്‍കിയിരുന്നു. സിപിഎം നേതൃത്വത്തിന്റെ ഇംഗിതത്തിന് വഴങ്ങി കോടതി വിധി പോലും നടപ്പിലാക്കാന്‍ തയ്യാറാവാത്ത വിസിയുടെ നടപടി ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത സിന്‍ഡിക്കേറ്റ് നടപടി റദ്ദ് ചെയ്ത കോടതി നടപടിയ്‌ക്കെതിരെ അപ്പീലിന്മേല്‍ വിധി വരാന്‍ വേണ്ടിയാണ് രജിസ്ട്രാരുടെ പുനര്‍ നിയമനം നീട്ടിക്കൊണ്ടു പോകുന്നതെന്നാണ് സൂചന.അതേ സമയം രജിസ്ട്രാരെ തിരിച്ചെടുക്കാന്‍ തയ്യാറാകാത്തതിനെതിരെ സമരങ്ങളോ മറ്റോ നടക്കുമെന്ന ഭയത്താല്‍ ഇന്നലെ സര്‍വ്വകലാശാലയ്ക്കകത്തേക്ക് മാധ്യമ പ്രവര്‍ത്തകരേയും രക്ഷിതാക്കളേയും അടക്കം പ്രവേശിക്കാന്‍ അനുവദിച്ചില്ല. ശക്തമായ സുരക്ഷയാണ് സര്‍വ്വകലാശാല കവാടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരിച്ചറിയല്‍ രേഖ ഹാജരാക്കിയവരെ മാത്രമാണ് പാതി അടച്ച ഗ്രില്‍സ് ഗേറ്റിലൂടെ ഇന്നലെ അകത്ത് പ്രവേശിപ്പിച്ചത്. വിവിധ ആവശ്യങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ നിയന്ത്രണം കാരണം ഏറെ ബുദ്ധിമുട്ടി. സര്‍വ്വകലാശാലയിലെ ഒരു കേസുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലയില്‍ എത്തുന്നവരേയും മാധ്യമപ്രവര്‍ത്തകരേയും വിലക്കിയ അധികൃതരുടെ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.