പലതും പറഞ്ഞു എല്ലാം വെറുംവാക്ക്

Friday 22 February 2019 2:02 am IST
നഗരവികസനത്തിനായി കേന്ദ്രം അംഗീകാരം നല്‍കിയ 2,250 കോടിയുടെ പദ്ധതിയുടെ പത്തു ശതമാനം പോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാവര്‍ക്കും വീട് എന്ന പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയെ ലൈഫ് എന്നു പേരുമാറ്റി സ്വന്തം പദ്ധതിയാക്കിയിട്ടും 20 ശതമാനത്തില്‍ താഴെയേ ലക്ഷ്യം കണ്ടുള്ളൂ. വികസനനേട്ടമായി ഇതൊക്കെ മാത്രമേ എടുത്തു കാട്ടാനുള്ളു എന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നരേന്ദ്രമോദിയുടേയും നിതിന്‍ ഗഡ്കരിയുടേയും ചിത്രം വെച്ച് 'ഇവര്‍ ഇവിടുത്തെ ഐശ്വര്യം' എന്നെഴുതിവെയ്ക്കണം.

'പറഞ്ഞതെല്ലാം ചെയ്തുനിറഞ്ഞു, ഇനി നവകേരള നിര്‍മ്മാണം' എന്നു പറഞ്ഞുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ 1000 ദിനം ആഘോഷിക്കുന്നത്. എന്റെ രാഷ്ട്രീയജീവിതത്തില്‍ ഇതുപോലെ കാപട്യം നിറഞ്ഞ അവകാശവാദം ഒരു സര്‍ക്കാരും നടത്തിയിട്ടില്ല. 1000-ാം ദിനാഘോഷം തന്നെ ഒരുതരം കാപട്യമാണ്. സര്‍ക്കാരുകളുടെ വാര്‍ഷികങ്ങള്‍ ആഘോഷിക്കുക സാധാരണം. പിണറായി സര്‍ക്കാര്‍ ഒന്നും രണ്ടും വാര്‍ഷികങ്ങള്‍ ആഘോഷിച്ചതുമാണ്. മൂന്നാം വാര്‍ഷികത്തിന് മൂന്നുമാസം മാത്രം ശേഷിക്കേ, കോടികള്‍ ഒഴുക്കി ഒരാഘോഷം എന്തിന് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഖജനാവ് കാലി എന്നുപറഞ്ഞ് മുറവിളി കൂട്ടുകയും മുറുക്കിയുടുക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ഓണാഘോഷങ്ങള്‍ക്കുപോലും അവധി നല്‍കുകയും ചെയ്തിട്ട് ഇപ്പോള്‍ അനാവശ്യ 1000-ാം ദിനാഘോഷത്തിന്റെ യുക്തി മനസ്സിലാകുന്നില്ല.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നഗ്‌നമായ അഴിമതികളും നാറിയ കേസ്സുകളും ഉയര്‍ത്തിക്കാട്ടി എല്ലാം ശരിയാകും എന്നുപറഞ്ഞ്് പ്രകടനപത്രിക മുന്നില്‍ വെച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മതനിരപേക്ഷ അഴിമതിരഹിത വികസന കേരളം എന്നതായിരുന്നു വാഗ്ദാനം. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ചെയ്യുന്ന 35 ഇനപരിപാടികള്‍ അക്കമിട്ട് നിരത്തി. പറഞ്ഞതെല്ലാം ചെയ്തുനിറഞ്ഞു എന്ന് അവകാശപ്പെടുമ്പോള്‍ ഈ 35 ഇനങ്ങളും ചെയ്തിരിക്കണം. അതു പരിശോധിക്കുമ്പോഴാണ് അവകാശവാദത്തിന്റെ പൊള്ളത്തരം വെളിച്ചത്തുവരുക.

ആദ്യവാഗ്ദാനം 25 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നതായിരുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം ഏര്‍പ്പെടുത്തി എന്നതല്ലാതെ എത്രപേര്‍ക്ക് തൊഴില്‍ നല്‍കി. 1,500 സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നതായിരുന്നു രണ്ടാമത്തെ വാഗ്ദാനം. 1,000 നൂതന ആശയങ്ങള്‍ക്ക് 2 ലക്ഷം രൂപവീതം പ്രോത്സാഹനവും 250 എണ്ണത്തിന് ഒരു കോടി ഈടില്ലാ വായ്പയും. ചില സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക്് കേന്ദ്രപദ്ധതിയുടെ ഭാഗമായി പിന്തുണ ലഭിച്ചു എന്നതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഒരുചുക്കും ചെയ്തില്ല. ഐടിപാര്‍ക്ക് വിസ്തൃതി 1.3 കോടി ചതുരശ്ര അടിയില്‍നിന്ന് 2.3 കോടിയായി ഉയര്‍ത്തി രണ്ടരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമായോ? വിദേശടൂറിസ്റ്റുകളുടെയെണ്ണം ഇരട്ടിയാക്കും എന്നതായിരുന്നു നാലാമത്തെ വാഗ്ദാനം. പകുതിയില്‍ താഴെയായിയെന്ന് ടൂറിസംമന്ത്രി തന്നെ സമ്മതിക്കും.

 പച്ചക്കറി, മുട്ട, പാല്‍ എന്നിവയില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്നും വിശപ്പില്ലാകേരളം സൃഷ്ടിക്കുമെന്നും പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. വിശപ്പടക്കാന്‍ അരിമോഷ്ടിച്ചതിന് വനവാസി യുവാവിനെ തല്ലിക്കൊന്നതല്ലാതെ എന്തുണ്ടായി?

 കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കും, 2,500 മെഗാ വാട്ട് വൈദ്യുതി അധികം ഉല്പാദിപ്പിക്കും, 5,000 കോടിയുടെ തീരപാക്കേജ്, ദേശീയ ജലപാതകള്‍ പൂര്‍ത്തീകരിക്കും, റെയില്‍വേപാത നാലുവരിയാക്കാന്‍ പ്രത്യേക കമ്പനി, ഭൂരഹിതര്‍ക്കെല്ലാം കിടപ്പാടം, ആയുര്‍വേദ സര്‍വകലാശാല, സ്ത്രീകള്‍ക്ക് പ്രത്യേക വകുപ്പ്, ജനകീയാസൂത്രണത്തിന്റെ രണ്ടാം പതിപ്പ്, പ്രവാസി വികസന നിധി, കേരളാ ബാങ്ക്... തുടങ്ങി അക്കമിട്ട് നിരത്തിയ 35 ഇനങ്ങളില്‍ അവസാനമായി പറഞ്ഞത് അഴിമതിക്ക് അന്ത്യം കുറിക്കും, സദ്ഭരണം ഉറപ്പാക്കും എന്നാണ്.

പറഞ്ഞതെല്ലാം ചെയ്തുനിറഞ്ഞു എന്നവകാശപ്പെടുന്ന മുഖ്യമന്ത്രി സമയം കിട്ടുമ്പോള്‍ പഴയ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒന്നു വായിച്ചുനോക്കണം. അവകാശവാദത്തിന്റെ പൊള്ളത്തരം പരസഹായമില്ലാതെ തിരിച്ചറിയാനാകും. പറഞ്ഞതില്‍ 10 ശതമാനം പോലും ചെയ്തില്ലെന്ന് ബോധ്യപ്പെടും.

അഴിമതിക്ക് അന്ത്യംകുറിക്കുമെന്നു പറഞ്ഞ് അധികാരത്തിലേറി മധുവിധു തീരുംമുന്‍പ് അഴിമതി നടത്തിയതിന് സിപിഎം മന്ത്രി രാജിവെയ്ക്കുന്നത് കേരളം കണ്ടു. വലിയ അഴിമതി നടത്തിയ ഘടകക്ഷി മന്ത്രിയെ സംരക്ഷിക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും സാധിച്ചില്ല. ഇഷ്ടക്കാരനായ മറ്റൊരു മന്ത്രിക്കെതിരെ ഒന്നിനുപുറകെ ഒന്നായി അഴിമതി ആരോപണങ്ങള്‍ വരുമ്പോഴും സംരക്ഷണകവചം തീര്‍ക്കുന്നതും ജനം തിരിച്ചറിഞ്ഞു. അഴിമതി പൂര്‍ണ്ണമായി നീക്കാന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രിതന്നെ കുമ്പസരിക്കുമ്പോള്‍ പറഞ്ഞതെല്ലാം ചെയ്തുനിറഞ്ഞു എന്ന അവകാശം സ്വയം പൊളിയുകയല്ലേ.

കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, ദേശീയപാതാവികസനം, ഗയില്‍ പൈപ്പ്‌ലൈന്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി എന്ന അവകാശവാദമാണ് 1000-ാം ദിനം ആഘോഷിക്കുന്നതിനു കാരണമായി മുഖ്യമന്ത്രി പറയുന്നത്. ആരാന്റെ കുഞ്ഞിനെ സ്വന്തം എന്നു പറയുന്നവരുണ്ടാകും. എന്നാല്‍ എട്ടുകാലി മമ്മൂഞ്ഞുകള്‍ അപഹാസ്യ കഥാപാത്രങ്ങളാണെന്ന് ഓര്‍ത്താല്‍ നന്ന്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുംമുമ്പ് നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളാണ് ഇതെല്ലാമെന്ന് ആര്‍ക്കാണ് അറിയാത്തത്. മുഖ്യമന്ത്രി എന്ന നിലയില്‍ ഉദ്ഘാടനവേദിയില്‍ ഇരിപ്പടം കിട്ടിയെന്നുവെച്ച് കേന്ദ്രസര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ സ്വന്തം അക്കൗണ്ടില്‍ പെടുത്താമോ? പണത്തിന്റെ കുറവുകൊണ്ട് കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ മുടങ്ങില്ലെന്ന് പ്രധാനമന്ത്രി ആദ്യകൂടിക്കാഴ്ച്ചയില്‍ നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി മറക്കരുത്. വന്‍കിട പദ്ധതികള്‍ക്കുണ്ടായിരുന്ന ചെറിയ തടസ്സങ്ങള്‍ നീക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളെ കുറച്ച് കാണുന്നില്ല. വികസനേട്ടമായി ഈ പദ്ധതികള്‍ മാത്രമേ എടുത്തുകാട്ടാനുള്ളൂ എന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നരേന്ദ്രമോദിയുടേയും നിതിന്‍ ഗഡ്കരിയുടേയും ചിത്രം വെച്ച് 'ഇവര്‍ ഇവിടുത്തെ ഐശ്വര്യം' എന്നെഴുതിവെയ്ക്കണം.

 എത്രയെത്ര കേന്ദ്രപദ്ധതികളാണ് കേരളത്തില്‍ അവതാളത്തിലായതെന്നും നോക്കണം. നഗരവികസനത്തിനായി കേന്ദ്രം അംഗീകാരം നല്‍കിയ 2,250 കോടിയുടെ പദ്ധതിയുടെ പത്തുശതമാനം പോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ നിയമസഭയിലും രേഖാമൂലം സമ്മതിച്ചതല്ലേ. എല്ലാവര്‍ക്കും വീട് എന്ന പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയെ ലൈഫ് എന്നു പേരുമാറ്റി സ്വന്തം പദ്ധതിയാക്കിയിട്ടും 20 ശതമാനത്തില്‍ താഴെയേ ലക്ഷ്യം കണ്ടുള്ളൂവെന്നതും നിയമസഭയില്‍ തന്നെയല്ലേ പറഞ്ഞത്. പാവപ്പെട്ടവര്‍ക്കെല്ലാം സൗജന്യ ചികിത്സ കിട്ടുന്ന ആയൂഷ് മാന്‍ പദ്ധതിയോട് പുറംതിരിഞ്ഞു നില്‍ക്കുന്നതിന്റെ കാരണം എന്ത്?

മതനിരപേക്ഷ കേരളം സൃഷ്ടിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം എവിടെ എത്തിയെന്നും ചിന്തിക്കണം. കേരളം മതനിരപേക്ഷം തന്നെയാണ്. സൃഷ്ടിക്കലിന്റെ ആവശ്യമൊന്നുമില്ല. നശിപ്പിക്കാതിരുന്നാല്‍ മതി. ശബരിമല പ്രശ്നത്തിലും പള്ളികേസുകളിലും കൈയേറ്റപ്രശ്നങ്ങളിലും അനാവശ്യഇടപെടല്‍ നടത്തി മതവിദ്വേഷം വളര്‍ത്താനാണ് പിണറായി ഭരണം വഴിവെച്ചത്.

വികസനത്തേക്കാള്‍ പ്രധാനം സൈ്വരജീവിതമാണ്. ക്രമസമാധാനം ഇത്രയും വഷളായ ഭരണം ഏതുസര്‍ക്കാരിന്റെ കാലത്താണ് ഉണ്ടായിരിക്കുന്നത്. പോലീസുതന്നെ അക്രമങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു.  നിരപരാധിയെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചും കാറിനുമുന്നില്‍ തള്ളിയിട്ടും കൊല്ലുന്ന പോലീസുകാര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു. പ്രതിയെ പിടിക്കാന്‍ ഓഫീസില്‍ കയറിയ ഉന്നത വനിതാപോലീസ് ഉദ്യോഗസ്ഥയുടെ കസേര ഇരുട്ടിവെളുക്കും മുന്‍പ് തെറിപ്പിക്കുന്നു. നടുറോഡിലും സ്റ്റേഷനകത്തും വെച്ച് പോലീസിനെ തല്ലുന്ന സഖാക്കള്‍ക്ക് മന്ത്രിമാരുടെ പരിപാടികളില്‍പോലും വിവിഐപി പരിഗണന കിട്ടുന്നു. രണ്ട് യുവാക്കളെ കുരുതി കൊടുത്തുകൊണ്ടാണ് 1000-ാം വാര്‍ഷികാഘോഷത്തിന് തിരശ്ശീല ഉയര്‍ന്നത് എന്നത് മറക്കരുത്. അധികാരത്തിലെത്തി രണ്ടരവര്‍ഷം കൊണ്ട് 20 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുകയും ഭരിക്കുന്ന പാര്‍ട്ടിതന്നെ 16ലും പ്രതികളാകുകയും ചെയ്തു എന്നതിലുണ്ട് ക്രമസമാധാനത്തിന്റെ നേര്‍ചിത്രം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.