കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിലുണ്ടായ നാശ നഷ്ടം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി.ഹര്‍ത്താല്‍ദിനത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും ഡീനിനെ പ്രതിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മിന്നല്‍ ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമം ഉണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസിക്ക് മാത്രം ഒരു കോടി പത്തുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന്റെ ഉത്തരവാദിത്തം ഇതുവരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് നിഷേധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കി.
ഡീന്‍ ഫേസ്ബുക്കിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തെളിവുകള്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് ഡീന്‍ കുര്യാക്കോസ്, യുഡിഎഫിന്റെ കാസര്‍ഗോഡ് ജില്ലാ ചെയര്മാന് എം കെ കമറുദ്ദീന്, കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍ എന്നിവര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസയച്ചത്.
മിന്നല്‍ ഹര്‍ത്താല്‍ കോടതിയലക്ഷ്യവും ക്രിമിനല്‍ കുറ്റവുമാണെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: