ഗുരുവായൂരപ്പന്‍ സ്വര്‍ണക്കോലത്തിലെഴുന്നള്ളി

Saturday 23 February 2019 1:33 am IST

ഗുരുവായൂര്‍: ക്ഷേത്രോത്സവം ആറ് ദിനങ്ങള്‍ പിന്നിട്ടതോടെ ഗുരുവായൂര്‍ ഭക്തിലഹരിയില്‍. ഇന്നലെ ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണക്കോലത്തിലെഴുന്നള്ളി. ഹരിനാമകീര്‍ത്തനങ്ങളുടേയും, നാരായണ മന്ത്രധ്വനികളുടേയും അലയൊലിയില്‍, ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ കാരണവര്‍ ഗജരത്നം പത്മനാഭന്‍ ഭഗവാന്റെ സ്വര്‍ണക്കോലം ശിരസ്സിലേറ്റുവാങ്ങി. 

തിരുവല്ല രാധാകൃഷ്ണന്റേയും ചൊവ്വല്ലൂര്‍ മോഹനന്റേയും പഞ്ചാരിമേളത്തോടെയുള്ള കാഴ്ചശീവേലിക്ക് കൊമ്പന്മാരായ കളഭകേസരി രവീകൃഷ്ണനും ഗജരാജകുമാരന്‍ ചെന്താമരാക്ഷനും ഇടം, വലം പറ്റാനകളായി അണിനിരന്നപ്പോള്‍, ക്ഷേത്രാങ്കണം തികച്ചും ഉത്സവത്തിമിര്‍പ്പിലായി. 

ഉച്ചയ്ക്ക് മൂന്നിന് ഭഗവാന്റെ തങ്കത്തിടമ്പ് സ്വര്‍ണക്കോലത്തില്‍ വച്ചുള്ള കാഴ്ചശീവേലി കണ്ട് ദര്‍ശന സായുജ്യമടയാന്‍ പതിനായിരങ്ങളാണ് ഗുരുവായൂരിലെത്തിയത്. ഇനി ഉത്സവാഘോഷം കഴിയുന്ന ചൊവ്വാഴ്ച വരെ ഭഗവാന്‍ സ്വര്‍ണക്കോലത്തിലാണ് എഴുന്നള്ളുക. തിങ്കളാഴ്ച ഭഗവാന്റെ പള്ളിവേട്ടയ്ക്കും, ചൊവ്വാഴ്ച ആറാട്ടിനും ശേഷം സ്വര്‍ണക്കൊടിമരത്തിലുയര്‍ത്തിയ സപ്തവര്‍ണകൊടി ഇറക്കുന്നതോടെ പത്തു ദിവസം നീണ്ടുനിന്ന ഭഗവാന്റെ തിരുവുത്സവത്തിന് പരിസമാപ്തിയാകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.