പുരസ്‌കാരത്തുക നമാമി ഗംഗയ്ക്ക്; ഭീകരതയ്‌ക്കെതിരെ ഒന്നിക്കാന്‍ ആഹ്വാനം

Saturday 23 February 2019 4:13 am IST

സോള്‍: വിഖ്യാതമായ സോള്‍ സമാധാന പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. പുരസ്‌കാരം ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച പ്രധാനമന്ത്രി പുരസ്‌കാരത്തുകയായ 1.30 കോടി രൂപ ഗംഗാ ശുദ്ധീകരണ പദ്ധതി (നമാമി ഗംഗ)യിലേയ്ക്ക് നല്‍കി.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ദക്ഷിണ കൊറിയയില്‍ എത്തിയ പ്രധാനമന്ത്രി മോദിക്ക് സോളില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. സോള്‍ ഒളിമ്പിക്‌സിന്റെ വിജയം ആഘോഷിക്കാന്‍ 1990 മുതലാണ് സോള്‍ സമാധാന പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. 

കൊറിയ പീസ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ മോദിക്കു പുരസ്‌കാരം സമ്മാനിച്ചു. 

ഭീകരതയ്‌ക്കെതിരെ യോജിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയാണ് പുരസ്‌കാരം സ്വീകരിച്ചതിനു ശേഷം മോദി സംസാരിച്ചത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. ലോകത്തില്‍ എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ഭീകരവാദത്തിന്റെ തിക്തഫലം അനുഭവിക്കുന്നു. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി ഭീകരതയെ തുറന്ന് എതിര്‍ക്കേണ്ട ഘട്ടമാണിത്. ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സുകള്‍ തടയാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കണം, മോദി ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര സഹകരണം, സാമ്പത്തികരംഗത്തെ നേട്ടങ്ങള്‍ എന്നിവ പരിഗണിച്ചാണ് മോദിക്കു പുരസ്‌കാരം നല്‍കുന്നതെന്ന് ഫൗണ്ടേഷന്‍ വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങള്‍ക്കിടയിലെ സാമ്പത്തിക അന്തരം കുറച്ചുകൊണ്ടുവരാന്‍ മോദിയുടെ നയങ്ങള്‍ക്ക് കഴിഞ്ഞെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ബാല്യം മുതലുള്ള മോദിയുടെ ജീവിതവും പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയും അതിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളും അവതരിപ്പിക്കുന്ന വീഡിയോ ചിത്രവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ കൊറിയയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വൈഷ്ണവ ജനതോ ആലപിച്ചത് ശ്രദ്ധേയമായി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.