കുരുമുളക് ഇറക്കുമതിക്ക് നിയന്ത്രണവും ചട്ടങ്ങളും വേണമെന്ന് ആവശ്യം

Saturday 23 February 2019 4:37 am IST

കൊച്ചി: വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ വില കിലോയ്ക്ക്  കുറഞ്ഞത് 500 രൂപയാക്കി നിജപ്പെടുത്തിയിരിക്കെ (മിനിമം ഇംപോര്‍ട്ട് പ്രൈസ്), ഗുണനിലവാരം കുറഞ്ഞ വിദേശ കുരുമുളക് ഇന്ത്യന്‍ വിപണിയില്‍ അനധികൃതമായി എത്തുന്ന സാഹചര്യം ആശങ്കാവഹമാണെന്ന് ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം വൈസ് ചെയര്‍മാന്‍ ചെറിയാന്‍ സേവ്യര്‍ പറഞ്ഞു. 

വിയറ്റ്നാം, ഇന്തോനേഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ പ്രധാനമായും കുരുമുളക് കൃഷിയിലും അസംസ്‌കൃത കയറ്റുമതിയിലുമാണ് ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ലോകത്ത് മൂല്യ വര്‍ധിത കുരുമുളക് ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ നേതൃസ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. അത്യന്താധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി കുരുമുളകിന്റെ ഏറ്റവും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി ലോകത്ത് തന്നെ പുതിയ ബെഞ്ച് മാര്‍ക്കുകള്‍ സൃഷ്ടിക്കുന്ന യൂണിറ്റുകളാണ് ഇവിടുള്ളത്. ഇതിനായി വന്‍ മുതല്‍മുടക്കാണ് കയറ്റുമതി യൂണിറ്റുകള്‍ നടത്തുന്നത്.  എന്നാല്‍ നിയന്ത്രണങ്ങള്‍ ബാധകമല്ലാത്ത ആഭ്യന്തര ഇറക്കുമതി വിപണി പഴുതുകള്‍ ഉപയോഗിച്ച് നടത്തുന്ന ഗുണനിലവാരം ഇല്ലാത്ത കുരുമുളകിന്റെ ഇറക്കുമതി ഉത്പാദന വ്യവസായ മേഖലകള്‍ക്ക് ഒരുപോലെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണെന്ന് ചെറിയാന്‍ സേവ്യര്‍ പറഞ്ഞു.

എല്ലാ കുരുമുളക് ഇറക്കുമതിക്കാര്‍ക്കും സ്പൈസസ് ബോര്‍ഡിനു കീഴില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുക, മിനിമം ഇംപോര്‍ട്ട് പ്രൈസ് (500 പെര്‍ കെ.ജി.) പാലിച്ച് ഇറക്കുമതി ചെയ്യുന്നവര്‍ വിദേശത്തടച്ച പണം നിരീക്ഷണ വിധേയമാക്കുക, ശ്രീലങ്കയില്‍ നിന്നും അനധികൃതമായി ഇന്ത്യയില്‍ എത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കുരുമുളക് സംബന്ധിച്ച് ഇരുരാജ്യങ്ങളിലും സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം മാനേജിങ്ങ് കമ്മിറ്റി മെമ്പര്‍മാരായ പ്രകാശ് നമ്പൂതിരിയും ജോണ്‍ എല്‍ മലയിലും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.