പ്രോ വോളി ലീഗ്: വീരന്മാര്‍ വീണു

Saturday 23 February 2019 4:47 am IST

ചെന്നൈ: പോള്‍ ലോട്ട്മാന്റെയും ജെറോം വിനീതിന്റെയും അജിത്ത്‌ലാലിന്റെയും കൈകള്‍ക്ക് ഇന്നലെ ആദ്യമായി പിഴച്ചപ്പോള്‍ പ്രഥമ പ്രോ വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസിന് തോല്‍വി. ആ തോല്‍വി അവര്‍ക്ക് നഷ്ടമാക്കിയത് കിരീടം. ടൂര്‍ണമെന്റില്‍ പരാജയമറിയാതെ ഫൈനലിലേക്ക് കുതിച്ചെത്തിയ ഹീറോസിന് കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ചെന്നൈ സ്പാര്‍ട്ടന്‍സിനോടാണ് അടിയറവുപറയേണ്ടിവന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് ഹീറോസിനെ തകര്‍ത്താണ് സ്പാര്‍ട്ടന്‍സിന്റെ കിരീട ധാരണം. സ്‌കോര്‍:15-11, 15-12, 16-14. പ്രാഥമിക റൗണ്ടില്‍ കൊച്ചിയില്‍ ഹീറോസിനോട് 4-1ന് തോറ്റ ചെന്നൈ സ്പാര്‍ട്ടന്‍സ് കലാശപ്പോരാട്ടത്തില്‍ എതിരാളികളെ തകര്‍ത്ത് കിരീടത്തോടെ പരാജയത്തിന് പകരം വീട്ടുകയും ചെയ്തു.

ലീഗിലാദ്യമായി തുടക്കത്തിലേ പതറുന്ന ഹീറോസിനെയാണ് കളത്തില്‍ കണ്ടത്. ആദ്യ സെറ്റില്‍ അനായാസമായി പോയിന്റ് നേടിയ ചെന്നൈ ആക്രമണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി മുന്നേറി. പലപ്പോഴും ചെന്നൈയുടെ മികച്ച അറ്റാക്കിങ്ങിനുമുന്നില്‍ ഹീറോസിന് തൊട്ടതെല്ലാം പിഴച്ചു. രണ്ടാം സെറ്റിലും സ്ഥിതി വ്യത്യസ്തമായില്ല. കാലിക്കറ്റിനെ നിലംതൊടീക്കാതെ മുന്നേറിയ ചെന്നൈ അനായാസം സെറ്റ് കൈപ്പിടിയിലാക്കി. നായകന്‍ ജെറോം വിനീതും സൂപ്പര്‍ താരം അജിത് ലാലും ചെറിയ പോരാട്ടത്തിന്റെ സൂചന നല്‍കിയെങ്കിലും ചെന്നൈയുടെ കളി പാടവം രണ്ടാം സെറ്റിലും തിരിച്ചടിയായി. ആദ്യ രണ്ട് സെറ്റും നേടിയ ചെന്നൈ മത്സരത്തില്‍ പിടിമുറുക്കി. കാലിക്കറ്റ് നിരയില്‍ അമേരിക്കന്‍ സൂപ്പര്‍ താരം പോള്‍ ലോട്മാനും കര്‍ണാടക നായകന്‍ കാര്‍ത്തികും പലപ്പോഴും നിഴല്‍ മാത്രമായി മങ്ങി. മറുവശത്ത് വിദേശതാരങ്ങളായ റൂഡിയും റസ്ലന്‍സും കരുത്ത് കാട്ടിയതാണ് ചെന്നൈയെ മത്സരത്തില്‍ മുന്നോട്ട് നയിച്ചത്. 

അതിശക്തരെന്ന വിശേഷണവുമായി കളത്തിലിറങ്ങിയ ഹീറോസിന് നിര്‍ണായകമായ മൂന്നാം സെറ്റിലും അടിപതറി. ആദ്യ രണ്ട് സെറ്റും അനായാസമായി സ്വന്തമാക്കിയ സ്പാര്‍ട്ടന്‍സിന് പക്ഷെ മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടം നേരിടേണ്ടിവന്നു.  സെറ്റിന്റെ അവസാന നിമിഷം വരെ സ്‌കോര്‍ ഒപ്പത്തിനൊപ്പം മുന്നേറി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങിയതിന്റെ എല്ലാ ആനുകൂല്യങ്ങളും കളത്തില്‍ ഉപയോഗിച്ച ചെന്നൈ നിര്‍ണായകമായ മൂന്നാം സെറ്റും കിരീടവും സ്വന്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.