ഒരുക്കം കഴിഞ്ഞു, പോരാട്ടം നാളെ മുതല്‍

Saturday 23 February 2019 4:50 am IST

വിശാഖപട്ടണം: ലോകകപ്പിന് മുമ്പുളള അവസാനത്തെ പരമ്പരയ്ക്ക് ഇന്ത്യ തയ്യാറെടുത്തുകഴിഞ്ഞു. നിലവിലെ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ്  എതിരാളികള്‍. ട്വന്റി 20 മത്സരത്തോടെ  ഇന്ത്യ- ഓസീസ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. 

രണ്ട് മത്സരങ്ങളുളള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം നാളെ രാത്രി ഏഴിന് വിശാഖപട്ടണത്ത് നടക്കും. രണ്ടാം മത്സരം 27ന് ബെംഗളൂരുവില്‍ അരങ്ങേറും. അതിനുശേഷം അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര നടക്കും.

ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ പരമ്പരയ്ക്ക് ഇറങ്ങുന്നത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യ ട്വന്റി 20യില്‍ സമനില പിടിച്ചു.

വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ച ന്യൂസിലന്‍ഡ് ഏകദിന പരമ്പരയില്‍ ഇന്ത്യ തോറ്റു. രോഹിത് നയിച്ച ടീം പൊരുതിത്തോല്‍ക്കുകയായിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ നായകന്‍ വിരാട് കോഹ്‌ലി തിരിച്ചെത്തിയത് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ ഉയര്‍ത്തിയിട്ടുണ്ട്. രണ്ട് മത്സരങ്ങളിലും വിജയക്കൊടി നാട്ടി ട്വന്റി 20 പരമ്പര തൂത്തുവാരനുള്ള  തയ്യാറെടുപ്പിലാണ് ഇന്ത്യ.

ആരോണ്‍ ഫിഞ്ചാണ് ഓസീസിനെ നയിക്കുന്നത്. ഉസ്മാന്‍ ഖവാജ, ഗ്ലെന്‍ മാക്‌സ്‌വെല്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, മാര്‍ക്കസ് സ്്‌റ്റോയിനിസ്, ലിയോണ്‍ തുടങ്ങിയ പ്രമുഖര്‍ ടീമിലുണ്ട്്. 

ഇന്ത്യ ഓസീസുമായി അവസാനം കളിച്ച അഞ്ച് ട്വന്റി 20 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ജയിച്ചത്. രണ്ട് മത്സരങ്ങളില്‍ ഓസ്‌ട്രേലിയ വിജയിച്ചു. രണ്ട് മത്സരങ്ങളില്‍ ഫലമുണ്ടായില്ല.

അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര മാര്‍ച്ച് രണ്ടിന് ആരംഭിക്കും. ഹൈദരാബാദിലാണ് ആദ്യ പോരാട്ടം. നാഗ്പ്പൂരില്‍ അഞ്ചിന് രണ്ടാം ഏകദിനം നടക്കും. മൂന്നാം മത്സരം റാഞ്ചിയില്‍ എട്ടിനും നാലാം മത്സരം ചണ്ഡിഗഡില്‍ പത്തിനും അരങ്ങേറും. അവസാന മത്സരം പതിമൂന്നിന് ന്യദല്‍ഹിയില്‍ നടക്കും. എല്ലാ ഏകദിനങ്ങളും ദിന-രാത്രി മത്സരങ്ങളാണ്. ഉച്ചകഴിഞ്ഞ് 1.30 ന് കളി തുടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.