കോട്ടയം: അധികാരം കൈയിലുണ്ടെന്നുവെച്ച് എന്തും പറയാമെന്ന വിചാരം ആര്‍ക്കും നന്നല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസിന്റെ മാടമ്പിത്തരം മനസ്സില്‍വെച്ചാല്‍ മതിയെന്നുള്ള കോടിയേരിയുടെ ആലപ്പുഴയിലെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടിയേരിയുടെ ഇപ്പോഴത്തെ പ്രതികരണത്തിന് തക്ക മറുപടി കൊടുക്കാന്‍ അറിയാഞ്ഞിട്ടല്ല. അതിനുള്ള സംസ്കാരമല്ല എന്‍എസ്എസിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞകാലങ്ങളില്‍ പരസ്പര മാന്യതയോടുകൂടി പ്രവര്‍ത്തിച്ചിരുന്നവര്‍ ഇന്ന് രണ്ടുപക്ഷത്താകാന് കാരണം വിശ്വാസ സംരക്ഷണകാര്യത്തിലുള്ള വൈരുധ്യത മാത്രമാണ്. ഇക്കാര്യത്തില്‍ എന്‍എസ്എസ് നിലപാട് വ്യക്തമാണ്. അതിന്റെ പേരില്‍ നേതൃത്വത്തെ അപമാനിക്കാനോ സംഘടനയില്‍ ചേരിതിരിവ് ഉണ്ടാക്കാനോ ശ്രമമുണ്ടായാല്‍ അതിനെ അതിജീവിക്കാനുള്ള സംഘടനാശേഷിയും കെട്ടുറപ്പും എന്എസ്എസിനുണ്ടെന്നുള്ള കാര്യം ആരും വിസ്മരിക്കേണ്ടെന്ന മുന്നറിയിപ്പും ജനറല്‍ സെക്രട്ടറി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: