മലപ്പുറം എടവണ്ണയില്‍ പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടിത്തം

Saturday 23 February 2019 4:24 pm IST

മലപ്പുറം: എടവണ്ണ തൂവ്വക്കാട്ടെ പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടുത്തം. ഇന്നലെ ഉച്ചക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്. പെയിന്റ്, തിന്നര്‍, ടര്‍പ്പന്റൈന്‍ തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വലിയ ശേഖരം ഗോഡൗണില്‍ സൂക്ഷിച്ചിരുന്നതിനാല്‍ രാത്രി വൈകിയും തീ അണക്കാന്‍ സാധിച്ചിട്ടില്ല.

തുവ്വക്കാട് കല്ലിങ്ങാതൊടിയിലെ പി.പി. ഇല്യാസിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തിനകത്ത് രാസവസ്തുക്കളുമായി നിര്‍ത്തിയിട്ടിരുന്ന രണ്ട് ടാങ്കര്‍ ലോറികളും വന്‍ സ്‌ഫോടനത്തോടെ പൂര്‍ണമായി കത്തി നശിച്ചു. സമീപത്തെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഒരു വാഹനവും അഗ്നിക്കിരയായി.

ജനവാസകേന്ദ്രത്തിലുണ്ടായ തീപിടിത്തം ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയും ഭീതിയും സൃഷ്ടിച്ചു. അടുത്ത വീടുകളിലേക്കും മറ്റും തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്‌സ് സ്വീകരിച്ചത്. ഗോഡൗണില്‍ 1,81,000 ലിറ്റര്‍ തിന്നര്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന ഭൂഗര്‍ഭ അറയുണ്ടായിരുന്നു. ഇതിന് തീ പിടിച്ച് വലിയ പൊട്ടിത്തെറി ഉണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍.

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സ് മുതല്‍ ജില്ലയിലെയും അയല്‍ ജില്ലയിലെയും പതിനാറോളം ഫയര്‍ യൂണിറ്റുകളും പോലീസും ട്രോമാകെയര്‍, എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവരെല്ലാം ചേര്‍ന്ന് രാത്രി വൈകിയും തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. 

ഒരു കിലോമീറ്റര്‍ ദൂരപരിധിയിലുള്ള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നിലവില്‍ ആര്‍ക്കും അപകടം പറ്റിയതായി റിപ്പോര്‍ട്ടില്ല. പൂര്‍ണമായും കത്തിത്തീരാതെ തീയണക്കാനാകില്ലെന്നാണ് അഗ്നിശമനസേനയുടെ അഭിപ്രായം. ഗോഡൗണിലെ ജീവനക്കാരും തൊഴിലാളികളും സുരക്ഷിതരാണെന്ന് ഉടമ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.