വ്യാപക സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Saturday 23 February 2019 7:10 pm IST

പാരീസ്: ലോകവ്യാപകമായി വലിയൊരു സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് ശൃംഖലയുടെ അടിസ്ഥാന സംവിധാനങ്ങളെപ്പോലും തകര്‍ക്കാന്‍ ശേഷിയുള്ളതാകും ഈ ആക്രമണമെന്ന് സൈബര്‍ സുരക്ഷാ മേഖലയിലെ സ്ഥാപനം ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയ്മ്‌സ് ആന്‍ഡ് നമ്പേഴ്‌സ് (ഐസിഎഎന്‍എന്‍) മുന്നറിയിപ്പ് നല്‍കുന്നു. 

ഇമെയ്‌ലുകള്‍, അവയുടെ പാസ്‌വേഡുകള്‍ അടക്കം അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടാകാമെന്നാണ് ഇവരുടെ നിഗമനം. 2017 മുതല്‍ ഒരു സംഘം ഹാക്കര്‍മാര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.  വ്യക്തികളുടെ മാത്രമല്ല, സര്‍ക്കാര്‍ സംവിധാനങ്ങള്‍, പോലീസ്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍, സൈന്യം, എണ്ണ വ്യാപാര-വ്യവസായ, വ്യോമയാന മേഖലകളടക്കം എല്ലാവരെയും ഇതു ബാധിച്ചേക്കാം. ഇറാന്റെ പിന്തുണയോടെ അവിടം കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനമെന്നും ഐസിഎഎന്‍എന്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ ഡേവിഡ് കൊര്‍നാഡ് പറഞ്ഞു. 

ഇന്റര്‍നെറ്റ് ശൃംഖലയുടെ അടിസ്ഥാന സംവിധാനങ്ങളില്‍ നുഴഞ്ഞുകയറുകയാണ് ഇവരുടെ രീതി. ഇതിലൂടെ വിവരങ്ങള്‍ ചോര്‍ത്തും. പിന്നീട് ഇതുപയോഗിച്ച് ആക്രമണങ്ങള്‍ നടത്തും. ഡൊമെയ്ന്‍ സിസ്റ്റങ്ങളില്‍ വ്യാജ പ്രോഗ്രാമുകള്‍ കടത്തിവിട്ടാണ് ഇവരുടെ പ്രവര്‍ത്തനമെന്നും ഡവിഡ് കൊര്‍നാഡ് പറഞ്ഞു.

ഒരു പോസ്റ്റ് ഓഫീസില്‍ ചെന്ന് മറ്റൊരാളുടെ കത്തെടുത്ത് വായിച്ച ശേഷം മെയില്‍ബോക്‌സില്‍ ഇടുന്നതിനു തുല്യമാണ് ഈ പ്രവൃത്തിയെന്നാണ് യുഎസ് ആഭ്യന്തര വകുപ്പ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്. മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ രാജ്യങ്ങളില്‍ സമാനരീതിയില്‍ ആക്രമണങ്ങളുണ്ടായിട്ടുണ്ട്.

അതേസമയം, ഇതിനുള്ള പ്രതിരോധ മാര്‍ഗങ്ങളും ഐസിഎഎന്‍എന്‍ മുന്നോട്ടുവയ്ക്കുന്നു. വെബ് പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയാണ് ആദ്യപടി. കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരെ അതിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.

എങ്ങനെയാണ് ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനം, ഡാറ്റ കൈമാറ്റം, അനാവശ്യ സൈറ്റുകളിലേക്കും പ്രോഗ്രാമുകളിലേക്കും ചെന്നെത്താതിരിക്കാനുള്ള മുന്‍കരുതല്‍ എന്നിവയെക്കുറിച്ചും ബോധവത്കരിക്കണം. ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ ഉപയോഗിച്ച് ഡാറ്റ കൈമാറ്റം ശക്തിപ്പെടുത്തണമെന്നും ഐസിഎഎന്‍എന്‍ നിര്‍ദേശിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.