ന്യൂദല്‍ഹി: ഇന്ത്യയുടെ അപൂര്‍വി ചന്ദേലയ്ക്ക് ഐഎസ്എസ്എഫ് ലോക കപ്പില്‍ ലോക റെക്കോഡോടെ സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലാണ് അപൂര്‍വിയുടെ ചരിത്ര നേട്ടം. ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന ഫൈനലില്‍ 252.9 പോയന്റുകള്‍ നേടിയ 26 കാരി ലോക റെക്കോഡും സ്വന്തം പേരിലാക്കി.251.8 പോയന്റുകള്‍ നേടിയ ചൈനയുടെ സാവോ റോസ്ഹുവിനാണ് വെള്ളി. 230.4 പോയന്റോടെ ചൈനയുടെ തന്നെ സു ഹോങ് വെങ്കല മെഡല്‍ കരസ്ഥമാക്കി.
ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വനിതയാണ് ജയ്പൂര്‍ സ്വദേശിനിയായ അപൂര്‍വി. 2003-ല്‍ അഞ്ജലി ഭഗവതാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ വനിത. ലോകകപ്പില്‍ അപൂര്‍വിയുടെ മൂന്നാം വ്യക്തിഗത മെഡലും കൂടിയാണിത്. 2015-ലെ ചാങ്വോണ്‍ ലോകകപ്പില്‍ വെങ്കലവും അതേവര്‍ഷം നടന്ന ലോകകപ്പ് ഫൈനല്‍സില്‍ വെള്ളിയും നേടിയിട്ടുണ്ട്.
കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അപൂര്‍വി വെങ്കലവും 2014ലെ ഗ്ലാസ്ഗോ ഗെയിംസില്‍ സ്വര്‍ണവും നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ രവികുമാറിനൊപ്പം 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം ഇനത്തിലും വെങ്കലത്തിന് അര്‍ഹയായിരുന്നു അപൂര്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: