റബ്ബര്‍ കാര്‍ഷിക വിളയാകുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് പത്തിരിട്ടി ആനുകൂല്യം

Sunday 24 February 2019 8:06 am IST

കോട്ടയം: റബ്ബറിനെ കാര്‍ഷികവിളയായി പ്രഖ്യാപിക്കുന്നതോടെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്നത് ഇപ്പോള്‍ കിട്ടുന്നതിന്റെ പത്തിരിട്ടി ആനുകൂല്യം. കുറഞ്ഞത് രണ്ടര ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

സബ്‌സിഡി, ഇന്‍ഷുറന്‍സ്, താങ്ങുവില, മറ്റാനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ഇത്രയും തുകയുടെ ആനുകൂല്യം. നിലവില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് 25,000 രൂപയുടെ സഹായം മാത്രമാണ് പുതുക്കൃഷിക്കും മറ്റുമായി ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കരട് റബ്ബര്‍ നയത്തിലാണ് റബ്ബറിനെ കാര്‍ഷികവിളയായി ശുപാര്‍ശ ചെയ്തിട്ടുള്ളത്. കഴിഞ്ഞ 70 വര്‍ഷമായി കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. കരട് നയത്തിലുള്ള നിര്‍ദേശങ്ങള്‍ മാര്‍ച്ച് 18 വരെ സമര്‍പ്പിക്കാം. 

ധനമന്ത്രാലയം, കൃഷിമന്ത്രാലയം, വാണിജ്യമന്ത്രാലയം എന്നിവ ചേര്‍ന്നാണ് നയത്തിന് അന്തിമരൂപം നല്‍കുന്നത്. രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ പതിമൂന്നരലക്ഷം കര്‍ഷകര്‍, വ്യവസായികള്‍, കയറ്റുമതിക്കാര്‍ എന്നിവരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കേട്ടതിന് ശേഷമാണ് നയത്തിന് രൂപം നല്‍കിയിട്ടുള്ളത്.

നിലവില്‍ നാണ്യവിളയായാണ് റബ്ബറിനെ പരിഗണിക്കുന്നത്. ഇതുമൂലം വിദേശത്ത് നിന്ന് ഇറക്കുമതി യഥേഷ്ടം നടന്നിരുന്നു. എന്നാല്‍, കാര്‍ഷികവിളയാക്കുമ്പോള്‍ ഇറക്കുമതിക്ക് ചുങ്കം ചുമത്താം. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് ആഭ്യന്തര വിലയിടിക്കുന്ന വ്യവസായികളുടെ തന്ത്രത്തിന് ഇതോടെ അറുതിയാകും. 

റബ്ബര്‍ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ ഉത്പാദനം കര്‍ഷകര്‍ കുറച്ചു. റബ്ബര്‍ പാടേ വെട്ടിമാറ്റി മറ്റു വിളകളിലേക്ക് തിരിഞ്ഞിരുന്നു. കാര്‍ഷികവിളയായി പ്രഖ്യാപിക്കുന്നതോടെ കര്‍ഷകരെ മടക്കിക്കൊണ്ടുവരാനുമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.