എയര്‍ഇന്ത്യാ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ ഹൈ അലെര്‍ട്ട്

Sunday 24 February 2019 8:43 am IST

ന്യൂദല്‍ഹി: എയര്‍ ഇന്ത്യാ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഹൈ അലെര്‍ട്ട് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യാ വിമാനം പാക്കിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോകുമെന്ന സന്ദേശമാണ് ലഭിച്ചത്.

രാജ്യത്തെ എല്ലാ വിമാനത്താവള ടെര്‍മിനലുകളിലും ഓപ്പറേഷണല്‍ ഏരിയകളിലും പരിശോധന കര്‍ശനമാക്കാന്‍ വിമാനത്താവളങ്ങളുടെ സുരക്ഷാച്ചുമതലയുള്ള സിഐഎസ്എഫിന് ആഭ്യന്തര-വ്യോമയാന മന്ത്രാലയങ്ങള്‍ നിര്‍ദേശം നല്‍കി. 

എയര്‍ ഇന്ത്യയുടെ മുംബൈയിലെ ഓപ്പറേഷന്‍ സെന്ററിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒരു എയര്‍ഇന്ത്യാ വിമാനം തട്ടിയെടുത്ത് പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു സന്ദേശം. എയര്‍ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളിലൊന്ന് തട്ടിയെടുക്കുമെന്നായിരുന്നു ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞത്. വിമാനത്താവളത്തിനകത്തും പുറത്തും പരിശോധനകള്‍ ശക്തമാക്കാനാണ് നിര്‍ദേശം. വിമാനത്താവളത്തിന് സമീപത്തുള്ള വാഹനങ്ങള്‍, യാത്രക്കാര്‍, ജീവനക്കാര്‍, യാത്രക്കാരുടെ ബാഗേജുകള്‍, കാര്‍ഗോ വിഭാഗം, കാറ്ററിങ് വിഭാഗം തുടങ്ങി എല്ലാവരെയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. 

2014ല്‍ പാര്‍ലമെന്റ് പാസാക്കിയ തട്ടിക്കൊണ്ടുപോകല്‍ വിരുദ്ധ നിയമ ഭേദഗതി പ്രകാരമുള്ള പ്രോട്ടോക്കോള്‍ എല്ലായിടത്തും പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.