സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി

Sunday 24 February 2019 1:00 pm IST
വീരമൃത്യു വരിച്ച ധീര സൈനികരുടെ ഓര്‍മ്മയ്ക്കായി തലസ്ഥാനത്ത് യുദ്ധ സ്മാരകം നിര്‍മിക്കും. അമര്‍ ജവാന്‍ ജ്യോതിക്കും സമീപത്തായിരിക്കും സ്മാരകം നിര്‍മിക്കുന്നതെന്നും പ്രധാനമന്ത്രി

ന്യൂദല്‍ഹി: രാജ്യത്തിന്റെ കരുത്തായ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം സര്‍ക്കാരും സൈന്യവും സ്വീകരിച്ച നടപടികള്‍ മന്‍ കീ ബാത്ത് പ്രഭാഷണത്തില്‍ പ്രധാനമന്ത്രി വിശദീകരിച്ചു.

ജനങ്ങളില്‍  രോഷം തിളയ്ക്കുകയാണ്. ഭാരതാംബയെ കാക്കാന്‍, സ്വന്തം പ്രാണന്‍ ത്യജിച്ച എല്ലാ വീരപുത്രന്മാരെയും ഞാന്‍ നമിക്കുന്നു. ഭീകരതയെ വേരോടെ ഇല്ലാതെയാക്കാന്‍  ഈ ജവാന്മാരുടെ വീരമൃത്യു പ്രേരണയാവും. ജാതി, മത, പ്രാദേശികവാദങ്ങളും മറ്റ് അഭിപ്രായവ്യത്യാസങ്ങളും മറന്ന് രാജ്യം നേരിടുന്ന ഈ വെല്ലുവിളി നേരിടേണ്ടതുണ്ട്. ആക്രമണകാരികള്‍ക്ക് അവരുടെ ഭാഷയില്‍ത്തന്നെ സൈന്യം മറുപടിയും കൊടുത്തിട്ടുണ്ട്. ആക്രമണത്തിനു ശേഷം 100 മണിക്കൂറുകള്‍ക്കുള്ളില്‍ കടുത്ത നടപടികള്‍ സ്വീകരിച്ചു. ഭീകരരെയും അവരെ സഹായിക്കുന്നവരെയും വേരോടെ ഇല്ലാതെയാക്കാന്‍ സൈന്യം ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു. 

വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് കൊണ്ടുപോയപ്പോള്‍ അവരുടെ കുടുംബങ്ങളുടെ രാജ്യസ്‌നേഹോജ്ജ്വലമായ പ്രതികരണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. രണ്ടാമത്തെ മകനെയും ശത്രുക്കളോടു പോരാടാന്‍ അയയ്ക്കുമെന്നാണ് ബീഹാറിലെ ഭാഗല്‍പൂരിലെ ധീരജവാന്‍ രതന്‍ ഠാകൂറിന്റെ പിതാവ് രാംനിരഞ്ജന്‍ പറഞ്ഞത്. ഒഡീഷയിലെ ജഗത്‌സിങ്പുരിലുള്ള ധീരജവാന്‍ പ്രസന്നാ സാഹുവിന്റെ ഭാര്യ മീന, ഒരേയൊരു മകനെക്കൂടി സിആര്‍പിഎഫില്‍ ചേര്‍ക്കുമെന്ന് ശപഥം ചെയ്തു. ത്രിവര്‍ണപതാക പുതപ്പിച്ച്  ധീരജവാന്‍ വിജയ് ശോരേന്റെ ഭൗതികദേഹം ഝാര്‍ഖണ്ഡിലെ ഗുമലാ എന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ ചെറിയ കുട്ടിയായ മകന്‍ പറഞ്ഞത് അവനും സൈന്യത്തില്‍ ചേരുമെന്നാണ്. ചരിത്ര കഥകളിലേക്കു പോകാതെ ഈ സജീവ ഉദാഹരണങ്ങളില്‍ നിന്നു തന്നെ ദേശഭക്തി എന്താണെന്നു മനസ്സിലാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

മാധ്യമ ശ്രദ്ധ നേടാതെ നിഷ്‌കാമ കര്‍മം നിര്‍വഹിച്ച നിരവധി പേരെ പദ്മ പുരസ്‌കാരങ്ങളിലൂടെ രാജ്യം ഇത്തവണ ആദരിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോഴാണ് അവരില്‍ പലരേയും ലോകം അറിഞ്ഞത്. ഈ വര്‍ഷം പദ്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചവരില്‍ 12 പേര്‍ കര്‍ഷകരാണെന്നത് ഏറ്റവും വലിയ സവിശേഷതയാണ്. കഴിഞ്ഞ അഞ്ചു മാസം പന്ത്രണ്ടു ലക്ഷം ദരിദ്ര കുടുംബങ്ങള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായ പ്രധാനമന്ത്രി ജന ആരോഗ്യ പദ്ധതിയുടെ ഗുണഭോക്താക്കളായെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ശിവരാത്രി ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി പരീക്ഷക്കാലം ആരംഭിക്കുന്നതിനെക്കുറിച്ചും പരാമര്‍ശിച്ചു. 

നിങ്ങളുടെ അനുഗ്രഹത്തോടെ മെയ് അവസാനം വീണ്ടും കാണാം

ന്യൂദല്‍ഹി: കോടിക്കണക്കിനു ജനങ്ങളെ അഭിസംബോധന ചെയ്യുന്ന മന്‍ കീ ബാത്ത് പ്രഭാഷണത്തിന്റെ അടുത്ത ഭാഗം മെയ് അവസാനത്തെ ഞായറാഴ്ചയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് പോവുകയാണെന്നും ജനങ്ങളുടെ അനുഗ്രഹത്തോടെ മെയ് മാസത്തെ അവസാനത്തെ ഞായറാഴ്ച അടുത്ത മന്‍ കീ ബാത്തില്‍ വീണ്ടും കണ്ടുമുട്ടാമെന്നും പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തോടെയാണ് ഇന്നലെ മന്‍ കീ ബാത്ത് പ്രഭാഷണം മോദി ഉപസംഹരിച്ചത്. 

റേഡിയോയിലൂടെ കോടിക്കണക്കിനു കുടുംബങ്ങളുമായാണ് മാസം തോറും സംസാരിക്കുന്നത്. നിങ്ങളോടു സംസാരിക്കുമ്പോഴും കത്തുകള്‍ വായിക്കുമ്പോഴും അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോഴും നിങ്ങള്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണെന്നാണ് വിചാരിക്കുന്നത്. അടുത്ത രണ്ടു മാസം താനും തെരഞ്ഞെടുപ്പിന്റെ തിരക്കിലാകും. ആരോഗ്യകരമായ ജനാധിപത്യ പാരമ്പര്യത്തെ മാനിച്ചുകൊണ്ടാണ് മന്‍ കീ ബാത് മൂന്നു മാസത്തേക്ക് നിര്‍ത്തുന്നത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ചിന്തകള്‍ തിരഞ്ഞെടുപ്പിനു ശേഷം മന്‍ കീ ബാത്തിലൂടെ പങ്കുവയ്ക്കാമെന്നും വര്‍ഷങ്ങളോളം പരസ്പരമുള്ള ഈ ആശയവിനിമയം തുടരാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.