പ്രളയാനന്തര പുനരധിവാസം; സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതിക്കാരെ വഞ്ചിച്ചു: പട്ടികജാതി മോര്‍ച്ച

Monday 25 February 2019 2:26 am IST

കൊച്ചി: സംസ്ഥാനത്ത് പ്രളയബാധിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് പ്രളയദുരിതാശ്വാസ ഫണ്ടും, സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളും ആറ് മാസം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ലെന്ന് പട്ടികജാതി മോര്‍ച്ച. സംസ്ഥാനത്ത് 86,893 പട്ടികജാതി കുടുംബങ്ങളാണ് പ്രളയബാധിതരായത്. ഇതില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാര്‍ തൃശൂര്‍- 20,986, ആലപ്പുഴ- 20,969, എറണാകുളം- 16,725 എന്നീ ജില്ലകളിലാണുള്ളത്. എന്നാല്‍, സംസ്ഥാനത്ത് 17,805 പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ വിതരണം ചെയ്തിട്ടില്ല. 

തൃശൂര്‍ ജില്ലയില്‍ 6617 കുടുംബങ്ങള്‍ക്കും എറണാകുളം ജില്ലയില്‍ 3701 കുടുംബങ്ങള്‍ക്കും ആലപ്പുഴ ജില്ലയില്‍ 2658 കുടുംബങ്ങള്‍ക്കും ധനസഹായം നല്‍കിയിട്ടില്ല. 

പ്രളയത്തെത്തുടര്‍ന്ന് പട്ടികജാതി വിഭാഗക്കാരുടെ 2733 വീടുകള്‍ പൂര്‍ണമായും 11,223 വീടുകള്‍ ഭാഗികമായും തകര്‍ന്നു.  2733 വീടുകളില്‍ 243 പേര്‍ക്ക് മാത്രമാണ് വീട് പണിയുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. ഇതില്‍ 111 പേര്‍ക്ക് മാത്രമാണ് ആദ്യ ഗഡു നല്‍കിയിട്ടുള്ളത്. പട്ടികജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാടിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളിലാണ് ഈ കണക്കുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ച്ചയാണ് പട്ടികജാതി കുടുംബങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസ-പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സംഭവിച്ചതെന്ന് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.  

റവന്യൂ വകുപ്പും പട്ടികജാതി വകുപ്പും നഷ്ടപരിഹാരമെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. പ്രളയ ദുരിതാശ്വാസത്തിന് പട്ടികജാതി കുടുംബങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ കണക്ക് പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. പ്രളയബാധിതരായ പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര സര്‍ക്കാരിനും, ദേശീയ പട്ടികജാതി കമ്മീഷനും പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.