കാസര്‍കോട്ട് വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍

Monday 25 February 2019 3:25 am IST

കാസര്‍കോട്: പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്1എന്‍1 ബാധ. 67 കുട്ടികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ അഞ്ച് പേര്‍ക്ക് പനി സ്ഥിരീകരിച്ചു. ഇത്രയധികം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ അസൗകര്യമുള്ളതിനാല്‍ സ്‌കൂളില്‍ത്തന്നെ പ്രത്യേക വാര്‍ഡ് തുറന്ന് ചികിത്സ നടത്തുകയാണ് ആരോഗ്യവകുപ്പ്. പനി ഗുരുതരമായ രണ്ട് കുട്ടികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാല് കുട്ടികളെ ചികിത്സ നല്‍കി വീടുകളിലേക്കയച്ചു.

അഞ്ച് കുട്ടികളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ ആശുപത്രിയിലേക്ക് അയച്ച് പരിശോധിച്ചിരുന്നു. ഇതില്‍ അഞ്ച് എണ്ണം എച്ച്1എന്‍1 പോസിറ്റീവ് ആയി കണ്ടെത്തി. ഇതോടെയാണ് രോഗലക്ഷണങ്ങള്‍ കണ്ട 67 കുട്ടികളെ പ്രത്യേകം ചികിത്സിക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയിലേക്ക് മാറ്റാതെ സ്‌കൂളില്‍ത്തന്നെ ചികിത്സ നല്‍കാനായിരുന്നു തീരുമാനം. അതിനായി എല്ലാ സൗകര്യങ്ങളും സ്‌കൂളിലെത്തിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളാണ് തുറന്നിരിക്കുന്നത്. 37 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. എച്ച്1എന്‍1 ബാധയുടെ ഉറവിടം എന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ആകെ 550 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 520 കുട്ടികളും ക്യാംപസില്‍ തന്നെയാണ് താമസിക്കുന്നത്. അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും  കുടുംബാംഗങ്ങളായി 200 പേര്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. കൂടുതല്‍ പേരിലേക്ക് പനി പടരാതിരിക്കാന്‍ കര്‍ശനമായ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.